ചെട്ടിമുക്ക് : കനത്തമഴയിൽ തകർന്ന ചിറയിറമ്പ് ജംഗ്ഷൻ നാലുമണിക്കാറ്റ് റോഡ് നവീകരണത്തിന് ജില്ലാപഞ്ചായത്ത് പൊതു മരാമത്ത് വികസനഫണ്ടിൽ നിന്ന് 10 ലക്ഷം രൂപയുടെ പദ്ധതി കൂടി നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ അറിയിച്ചു. തിരുവഞ്ചാംകാവ് പാലയ്ക്കാട്ട്ചിറ ചിറയിറമ്പ് റോഡ് പുനരുദ്ധാരണത്തിന് നേരത്തെ അനുവദിച്ച 20 ലക്ഷം രൂപയുടെ പദ്ധതിക്ക് പുറമെയാണിത്. റോഡ് പൂർണമായും ഗതാഗതയോഗ്യമാക്കുന്നതിന് ഈ തുക അപര്യാപ്തമാണെന്നുള്ള റിപ്പോർട്ടിനെ തുടർന്ന് ജനപ്രതിനിധികൾ, റസിഡന്റ് സ് അസോസിയേഷൻ ഭാരവാഹികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം സ്ഥലം സന്ദർശിച്ച് കൂടുതൽ തുക അനുവദിച്ചത്.
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ 7,8,12 വാർഡുകളിൽ ഉൾപ്പെടുന്ന ജനവാസമേറിയ പ്രദേശമാണിവിടം. ചിറയിറമ്പ് ജംഗ്ഷൻ മുതൽ വഴിയോര വിശ്രമകേന്ദ്രം വരെയുള്ള ഭാഗം റീടാറിംഗ്, ഐറീഷ് ഡ്രെയിൻ എന്നിവ നടത്തി സഞ്ചാരയോഗ്യമാക്കുന്നതിനാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്.