ചെങ്ങന്നൂർ: ക്ഷേത്ര വിഗ്രഹ നിർമ്മാണശാല ആക്രമിച്ച സംഘം രണ്ടുകോടി രൂപ വിലയുള്ള പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചതായി പരാതി. മുളക്കുഴയിലെ പണിക്കേഴ്‌സ് ഗ്രാനൈറ്റ്‌സിൽ ഞായറാഴ്ച രാത്രി ഒൻപതരയോടെ മോഷണം നടന്നതായാണ് ഉടമകൾ പൊലീസിൽ പരാതി നൽകിയത്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ തൊഴിലാളികളായ തഞ്ചാവൂർ പുതുക്കോട്ട സ്വദേശികളായ രാജീവ് (35), ലഘുനാഥൻ (37) എന്നിവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റ് രണ്ട് പേർ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്.ഇരുപതോളം പേർ സംഘത്തിലുണ്ടായിരുന്നതായും തങ്ങളെയും തൊഴിലാളികളെയും മർദ്ദിച്ച ശേഷം വിഗ്രഹവുമായി കടക്കുകയായിരുന്നെന്നും ഉടമകളായ മഹേഷ് പണിക്കരും സഹോദരൻ പ്രകാശ് പണിക്കരും പറഞ്ഞു. സ്ഥാപനത്തിലെ ഡ്രൈവറായ സംഗീത് സോണിയുടെ നേതൃത്വത്തിലായിരുന്നു മോഷണമെന്ന് പരാതിയിൽ പറയുന്നു.
ലണ്ടനിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനായി നിർമ്മിച്ച 50 കിലോ തൂക്കമുള്ള അയ്യപ്പവിഗ്രഹമാണ് മോഷണം പോയത്.
അതേ സമയം സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു. ഉടമകൾ നൽകിയ മൊഴിയിൽ വൈരുദ്ധ്യമുണ്ട്. സംഘർഷം നടന്നതായി പറയുന്ന സ്ഥലത്ത് അലമാരയിൽ നിന്നും മറ്റും വിഗ്രഹങ്ങൾ താഴെ വീണ് കിടന്നിരുന്നു. പക്ഷേ ഇവയ്ക്ക് മുകളിൽ നിന്ന് വീണതിന്റെ കേടുപാടുകളില്ല. ഇരുപതോളം പേരടങ്ങിയ സംഘം അക്രമം കാട്ടിയതിന്റെ ബഹളം സമീപ വാസികളും കേട്ടില്ല. മോഷ്ടാക്കൾ രാത്രി ഒൻപതരയോടെ എത്തുമോ എന്നതിലും സംശയമുുണ്ട്.
പ്രതികളെ പിടികൂടിയാലേ കൂടുതൽ വിവരങ്ങൾ വ്യക്തമാകുവെന്ന് ചെങ്ങന്നൂർ ഡിവൈഎസ്.പി, പി.വി.ബേബി പറഞ്ഞു.
വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.