പത്തനംതിട്ട : മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം നിയമലംഘനങ്ങൾക്ക് അമിതപിഴ ഈടാക്കുന്നതായി ചിലർ സോഷ്യൽ മീഡിയകളിലൂടെ വ്യാജപ്രചാരണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പത്തനംതിട്ട എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ പി.ആർ സജീവ് അറിയിച്ചു. കേന്ദ്ര മോട്ടോർവാഹന നിയമപ്രകാരമുള്ള പുതുക്കിയ പിഴ തുകകൾ മാത്രമാണ് അടപ്പിക്കുന്നത്. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്കെതിരേയും എ.ആർ.എ.ഐ അപ്രൂവലിനു വിരുദ്ധമായി രൂപമാറ്റം വരുത്തുന്ന വാഹനങ്ങൾക്കെതിരെയും ഹെൽമെറ്റ്, സീറ്റ് ബെൽറ്റ്, എന്നിവ ധരിക്കാതെ യാത്രചെയ്യുന്നത്, അമിതവേഗം, അലക്ഷ്യമായും മദ്യപിച്ചും വാഹനം ഓടിക്കുന്നത്, മൊബൈൽഫോൺ ഉപയോഗിച്ചുകൊണ്ട് വാഹനം ഓടിക്കുന്നത്, ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നത്, അമിതപ്രകാശമുള്ള ലൈറ്റുകൾ ഘടിപ്പിക്കുന്നത് എന്നീ നിയമലംഘനങ്ങൾക്കെതിരെയും ശക്തമായനടപടികൾ സ്വീകരിക്കും.