തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിന് സമീപത്തെ പതിറ്റാണ്ടുകൾ പഴക്കമുള്ള തെക്കേനട പാലം പുതുക്കി നിർമ്മിക്കാൻ നാല് കോടി രൂപയുടെ ഭരണാനുമതിയായി. കാവുംഭാഗം, പാലിയേക്കര, മാർക്കറ്റ് ജംഗ്‌ഷൻ എന്നിവിടങ്ങളിൽ നിന്നും കിഴക്കുംമുറി, വെൺപാല, കല്ലുങ്കൽ എന്നീ പ്രദേശങ്ങളിലേക്ക് പോകാവുന്ന റോഡിലെ പാലമാണിത്. വലിയ വാഹനങ്ങൾക്ക് കടന്നുപോകാത്തവിധം ഇടുങ്ങിയ പാലം ഏറെക്കാലമായി ബലക്ഷയവുമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പാലത്തിന് സമീപം നഗരസഭാ മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്. ഇതുകാരണം പ്രദേശവാസികൾക്ക് പാലത്തിലൂടെയുള്ള യാത്ര ഏറെ ദുരിതം സൃഷ്ടിച്ചിരിന്നു. നഗരസഭ കഴിഞ്ഞ കുറെ ബഡ്‌ജറ്റുകളിൽ പാലം നിർമ്മിക്കാനായി ചെറിയ തുക വകയിരുത്തിയതാണ്. ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും ഫണ്ടിന്റെ അപര്യാപ്തത കാരണം പുതിയ പാലത്തിന്റെ നിർമ്മാണം വൈകി. ഇപ്പോൾ മാത്യു ടി. തോമസ് എം.എൽ.എയുടെ ഫണ്ടിൽ നിന്നാണ് വീതികൂട്ടി പുതിയ പാലം നിർമ്മിക്കാനുള്ള നടപടിയായത്. കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ തുക വകയിരുത്തിയ പാലത്തിനാണ് ഇപ്പോൾ ഭരണാനുമതിയും ലഭിച്ചിരിക്കുന്നത്. ടെണ്ടർ നടപടികൾ വേഗത്തിലാക്കി പാലത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് പൊതുമരാമത്ത് അസി.എക്സി. എൻജിനീയർ (ബ്രിഡ്‌ജസ്) സുഭാഷ്‌കുമാർ പറഞ്ഞു.