തിരുവല്ല: പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്ന ഓൺലൈൻ പഠന പരിപാടി കുട്ടികളിൽ കാര്യക്ഷമമായി എത്തിക്കാനുള്ള 'ഉണർവ് 'അദ്ധ്യാപക വെബിനാറുകൾക്ക് പുല്ലാട് ഉപജില്ലയിൽ തുടക്കമായി.യു.പി ക്ലാസുകളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകർക്കായി വിവിധ പാഠ്യവിഷങ്ങൾ അടിസ്ഥാനമാക്കിയാണ് വെബിനാറുകൾ. വിദ്യാഭ്യാസ ഉപഡയറക്ടർ പി.കെ ഹരിദാസ് ഗണിതാദ്ധ്യാപക വെബിനാർ ഉദ്ഘാടനം ചെയ്തു.ഇപ്പോൾ സംസ്ഥാനതല കേന്ദ്രീകൃതമായി നടക്കുന്ന ഓൺലൈൻ ക്ലാസുകളുടെ ഗുണഫലം കുട്ടികളിലെത്തിക്കുകയാണ് വെബിനാറുകളുടെ ലക്ഷ്യം. കുട്ടികളുടെ പഠന പുരോഗതിയും രക്ഷിതാക്കളുടെ പ്രതികരണങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന വെബിനാറിൽ ഉപജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകരുടെ സേവനവും പ്രയോജനപ്പെടുത്തുന്നു. ഉപജില്ലയിലെ പ്രഥമാദ്ധ്യാപകരും യു.പി സ്കൂൾ അദ്ധ്യാപകരും ഇതിൽ പങ്കെടുക്കുന്നുണ്ട്.ഇംഗ്ലീഷ്,ഹിന്ദി,സയൻസ് വിഷയങ്ങളിൽ ഈയാഴ്ച തന്നെ വെബിനാറുകൾ നടക്കും. മലയാളം അദ്ധ്യാപക വെബിനാർ ഡയറ്റ് പ്രിൻസിപ്പൽ കെ.വേണുഗോപാലും സാമൂഹ്യ ശാസ്ത്രാദ്ധ്യാപക വെബിനാർ മുൻ ഡി.പി.ഒ ഡോ.ആർ വിജയമോഹനനും ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കൾക്കായി നടത്തിയ 'കുഞ്ഞു മനസിനു കൂട്ടായി,എന്ന വെബിനാറിൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാകോർഡിനേറ്റർ രാജേഷ് എസ്.വള്ളിക്കോട് വിഷയാവതരണം നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബി.ആർ അനില വെബിനാറിന് നേതൃത്വം നൽകുന്നു.