ചെങ്ങന്നൂർ: മുളക്കുഴയിലെ പണിക്കേഴ്‌സ് ഗ്രാനൈറ്റ്‌സ് ക്ഷേത്ര വിഗ്രഹ നിർമ്മാണ ശാല ആക്രമിച്ച് മോഷ്ടിച്ചുകൊണ്ടുപോയെന്ന് ഉടമകൾ പരാതിപ്പെട്ട പഞ്ചലോഹ വിഗ്രഹം സമീപമുള്ള പൊന്തക്കാട്ടിൽ നിന്ന് കണ്ടെത്തി. ലണ്ടനിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിലേക്ക് നിർമ്മിച്ചതാണ് രണ്ടുകോടി രൂപ വിലയുുള്ള വിഗ്രഹം. ഞായറാഴ്ച രാത്രി ഒൻപതരയോടെ ഇവിടുത്തെ ഡ്രൈവറുടെ നേതൃത്വത്തിലെത്തിയ ഇരുപതോളം പേരടങ്ങിയ സംഘം തങ്ങളെയും തൊഴിലാളികളെയും മർദ്ദിച്ച ശേഷം വിഗ്രഹം കൊണ്ടുപോവുകയായിരുന്നെന്ന് ഉടമകളും സഹോദരങ്ങളുമായ തട്ടാവിളയിൽ മഹേഷ് പണിക്കർ, പ്രകാശ് പണിക്കർ എന്നിവർ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ ദുരൂഹതയുണ്ടെന്ന് ബോദ്ധ്യപ്പെട്ട പൊലസിന്റെ നിർദ്ദേശപ്രകാരം തൊഴിലാളികൾ ഇന്നലെ പരിസരത്തെ പൊന്തക്കാടുകൾ വെട്ടിമാറ്റിയപ്പോഴാണ് നിർമ്മാണ ശാലയുടെ മുന്നിലെ ഉപയോഗശൂന്യമായ കനാലിൽ വിഗ്രഹം കണ്ടത്. ഉടമകൾ തന്നെയാണ് വിവരം പൊലീസിൽ അറിയിച്ചത്.
വിഗ്രഹം ചെങ്ങന്നൂർ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

പരാതി വ്യാജമാണെന്നും ഉടമകളെയും ഡ്രൈവർ സംഗീത് സോണിയെയും വിശദമായി ചോദ്യം ചെയ്യുമെന്നും ഡിവൈ.എസ്. പി. വി.ബേബി, സി.ഐ ജോസ് മാത്യു, എസ്.‌ഐ എസ്.വി ബിജു എന്നിവർ പറഞ്ഞു.

വിഗ്രഹ നിർമ്മാണ ശാലയിൽ സംഘർഷം നടന്നിരുന്നെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞിരുന്നു. ഗുരതരമായി പരിക്കേറ്റ തൊഴിലാളികളായ തഞ്ചാവൂർ പുതുക്കോട്ട സ്വദേശികളായ രാജീവ് (35), ലഘുനാഥൻ (37) എന്നിവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഘർഷം നടന്നതായി പറയുന്ന സ്ഥലത്ത് അലമാരയിൽ നിന്നും മറ്റും വിഗ്രഹങ്ങൾ താഴെ വീണിരുന്നു. പക്ഷേ മുകളിൽ നിന്ന് വീണതിന്റെ കേടുപാടുകൾ ഇവയ്ക്കില്ല. ഇരുപതോളം പേരടങ്ങിയ സംഘം അക്രമം കാട്ടിയതിന്റെ ബഹളം സമീപവാസികൾ കേട്ടില്ല. മോഷ്ടാക്കൾ രാത്രി ഒൻപതരയോടെ എത്തുമോ എന്നതിലും സംശയമുണ്ട്. ഉടമകളുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ട്..