തിരുവല്ല: ഓതറ മുള്ളിപ്പാറമല ചക്കശേരിൽ സുകുമാരന്റെ വീട് തകർക്കുകയും പരിസരവാസിയായ ഭിന്നശേഷിക്കാരൻ മട്ടക്കൽ രവീന്ദ്രന്റെ പെട്ടിക്കട തകർക്കുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. തിരുവല്ല യൂണിയൻ കൺവീനർ അനിൽ എസ്.ഉഴത്തിൽ ഉദ്ഘാടനം ചെയ്തു. കോടതി പൊലീസ് സംരക്ഷണം നിർദ്ദേശിച്ചിരുന്ന സുകുമാരനും കുടുംബത്തിനും സംരക്ഷണം ഉറപ്പാക്കാതിരുന്ന പൊലീസ്, പ്രതികളെ സംരക്ഷിക്കുന്ന നടപടി അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അനിൽ എസ്.ഉഴത്തിൽ പറഞ്ഞു. ഓതറയിൽ ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്ന പ്രതികളെ അടിയന്തരമായി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി അംഗം സജീഷ് മണലിൽ പറഞ്ഞു. തിരുവല്ല യൂണിയൻ പോഷകസംഘടന നേതാക്കളായ അനിൽ ചക്രപാണി, രാജേഷ് ശശിധരൻ, മഹേഷ് കിഴക്കൻമുത്തൂർ, ശാഖ ഭാരവാഹികളായ ജിതിൻ പി. ഷാജി, രാധാമണി, അനീഷ്‌കുമാർ, സരസൻ ഓതറ, രാജൻ ഓതറ, ബി.ജെ.പി.നേതാക്കളായ പ്രസന്നകുമാർ, മോഹൻ വട്ടത്തോപ്പിൽ എന്നിവർ പ്രസംഗിച്ചു.