പത്തനംതിട്ട : രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് ബാധിതർക്ക് വീടുകളിൽ നിരീക്ഷണം അനുവദിച്ചതിനുശേഷം ജില്ലയിൽ ഇതിനു തയ്യാറായവരുടെ എണ്ണം ആയിരത്തോടടുക്കുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ ഷീജ അറിയിച്ചു. കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തിൽ ഇത് സ്വാഗതാർഹമാണ്. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകരായിരുന്നു ഇതിന് തയ്യാറായത്. ഇപ്പോൾ എല്ലാ വിഭാഗത്തിലുംപെട്ട രോഗബാധിതർ വീടുകളിൽത്തന്നെ താമസിച്ച് ചികിത്സാകാലം പൂർത്തിയാക്കുന്നതിന് തയ്യാറാകുന്നുണ്ട്.150 ഓളം പേർ ഇതിനോടകം വീടുകളിൽ തന്നെ താമസിച്ച് ചികിത്സാകാലം പൂർത്തിയാക്കി കഴിഞ്ഞു.
മാനദണ്ഡങ്ങൾക്കനുസരിച്ച് മാത്രമേ ഗൃഹനിരീക്ഷണം അനുവദിക്കുകയുളളൂ. രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കും, മറ്റ് ഗുരുതര രോഗങ്ങളില്ലാത്തവർക്കും നിർദ്ദേശങ്ങൾക്കനുസൃതമായി വീടുകളിൽ ചികിത്സയിൽ കഴിയാം. ഇവരുടെ വിവരങ്ങൾ ദിവസവും പ്രദേശത്തെ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ വിലയിരുത്തും. മതിയായ സൗകര്യങ്ങളുളള വീടുകളിലേ ഹോം ഐസൊലേഷൻ അനുവദിക്കൂ.ഇതിനുളള മാർഗനിർദ്ദേശങ്ങളും ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. നിരീക്ഷണത്തിന് തെരഞ്ഞെടുത്ത വീട്ടിൽ ടെലിഫോൺ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉണ്ടായിരിക്കണം. രോഗിയെ പരിചരിക്കുന്നതിനായി കുടുംബാംഗമോ, ആരോഗ്യമുളള ഒരാളോ ഉണ്ടായിരിക്കണം. സന്ദർശകരെ അനുവദിക്കരുത്. പ്രായാധിക്യം ഉളളവർ, ഗുരുതര രോഗമുളളവർ, കുഞ്ഞുങ്ങൾ, ഗർഭിണികൾ തുടങ്ങിയവരുമായി സമ്പർക്കത്തിൽ വരരുത്.
. എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായാൽ അതാത് പ്രദേശത്തെ ആരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ, ആരോഗ്യ പ്രവർത്തകർ, ആരോഗ്യകേന്ദ്രത്തിലെ കൺട്രോൾ റൂം, ജില്ലാ മെഡിക്കൽ ഓഫീസിലെ കൺട്രോൾ റൂം എന്നിവിടങ്ങളിലേക്ക് വിളിക്കാം. ജില്ലാ മെഡിക്കൽ ഓഫീസിലെ കൺട്രോൾ റൂം നമ്പർ 0468 2228220.