പത്തനംതിട്ട: ഭിന്നശേഷി കുട്ടികളുടെ പുനരധിവാസത്തിനായുള്ള കെട്ടിടം നിർമ്മിക്കാൻ തറക്കല്ലിട്ടത് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി മദർക്യൂൻ ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി പ്രഭാ ഉണ്ണി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ആഗസ്റ്റ് 23ന് അടൂർ ഏനാത്ത് നെടുംകുന്ന്മലയിലാണ് കെട്ടിടം പണിയാൻ തറക്കല്ലിട്ടത്. കെട്ടിടം നിർമ്മിക്കാൻ സ്ഥലവാസിയായ സോമൻപിളള എന്നയാളാണ് 45 സെന്റ് സ്ഥലം ട്രസ്റ്റിന് ഇഷ്ടദാനമായി നൽകിയത്.തറക്കല്ല് രാത്രിയിൽ പിഴുത് മാറ്റുകയായിരുന്നു.പിന്നീട് സോഷ്യൽമീഡിയ വഴി വ്യാജ പ്രചരണങ്ങളും നടത്തി. നെടുംകുന്ന് മല ഭൂസംരക്ഷണ സമിതി എന്ന പേരിൽ ചെലരാണ് പിന്നിലെന്നും അവർ ആരോപിച്ചു. ഇത് സംബന്ധിച്ച് അടൂർ പൊലീസിൽ പരാതി നൽകിയതായും അവർ പറഞ്ഞു. സർക്കാർ അനുമതി ലഭിച്ചാൽ പുനരധിവാസ കേന്ദ്രം സ്ഥാപിക്കുമെന്നും അവർ പറഞ്ഞു. സ്ഥലം സൗജന്യമായി നൽകിയ സോമൻപിള്ളയും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.