offi
നിർദ്ദിഷ്ഠ മുനിസിപ്പൽ ഓഫീസ് കോംപ്ലക്സിൻ്റെ രൂപരേഖ

അടൂർ : വിവിധകാരണങ്ങളാൽ മുടങ്ങിയ അടൂർ നഗരസഭയുടെ പുതിയ ഓഫീസ് സമുശ്ചയവും ആധുനിക സൗകര്യങ്ങളോടെയുള്ള ബസ് ടെർമിനലും നിർമ്മിക്കാനുള്ള നിയമ തടസങ്ങൾ മാറി.1990 ഏപ്രിൽ ഒന്നിന് മുനിസിപ്പാലിറ്റിയുടെ പദവിയിലേക്ക് ഉയർന്നെങ്കിലും 1968 -ൽ അന്നത്തെ ആ പഴയ പഞ്ചായത്ത് കെട്ടിടത്തിന്റെ പരിമിതികളിൽ നിന്നാണ് ഇപ്പോഴും നഗരസഭാ കാര്യാലയത്തിന്റെ പ്രവർത്തനം.നഗരസഭാ മന്ദിരം നിർമ്മിക്കുന്നതിനായി പഴയ ടൗൺഹാൾ നിലനിന്ന സ്ഥലം 2014 ൽ നഗരസഭയ്ക്ക് ലഭ്യമാക്കിയെങ്കിലും ഇവിടെ പാർക്കിംഗ് പ്രശ്നം രൂക്ഷമാകും എന്നത് കണക്കിലെടുത്താണ് പുതിയ പ്രൈവറ്റ് ബസ്റ്റാന്റിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ നഗരസഭാ ഓഫീസ് കോംപ്ളക്സ്,ഷോപ്പിംഗ് കോംപ്ളക്സ് കം ബസ് ടെർമിനൽ നിർമ്മിക്കാൻ നഗരസഭ തീരുമാനമെടുത്തത്.ബാബു ദിവാകരൻ ചെയർമാനായിരുന്ന കലയളവിലാണ് പുതിയ പ്രൈവറ്റ് സ്റ്റാന്റ് ഉദ്ഘാടനം ചെയ്തത്.ബൈപാസുകൂടി വന്നതോടെ നഗരത്തിന്റെ ഒരു പ്രധാനഭാഗമായി ഇവിടം മാറി. ഇതോടെയാണ് നഗരസഭാ ഓഫീസ് സമുശ്ചയം ഇവിടേക്ക് മാറ്റാൻ നിലവിലുള്ള ഭരണസമിതി തീരുമാനമെടുത്തത്.2017 ഓഗസ്റ്റിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ ശിലാ സ്ഥാപനം നടത്തിയെങ്കിലും നെൽവയൽ നികത്തിയെടുത്ത സ്ഥലമായതോടെ ആദ്യം തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പേരിൽ നിർമ്മാണ കുരുക്കിലായി.നിരന്തരമായ ഇടപെടലുകളെ തുടർന്ന് ഒരു വർഷം മുൻപ് തടസം നീക്കി കൃഷിമന്ത്രി വി.എസ്.സുനിൽ കുമാർ ഫയലിൽ ഒപ്പിട്ടെങ്കിലും മതിയായ പാർക്കിംഗ് സംവിധാനം ഇല്ലെന്ന പേരിൽ ചീഫ് ടൗൺപ്ളാനർ ഉടക്കിട്ടു.ഒടുവിൽ ഒരുനില കുറച്ച് പുതിയ പ്ളാൻ സമർപ്പിച്ചതോെടെയാണ് കഴിഞ്ഞ ദിവസം നിർമ്മാണാനുമതി നൽകി തദ്ദേശസ്വയംഭരണ മന്ത്രി ഫയലിൽ ഒപ്പുവെച്ചത്.സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി.ബി.ഹർഷകുമാർ,സി.പി.ഐ അസി.സെക്രട്ടറി ഡി.സജി,നഗരസഭാ വൈസ് ചെയർമാൻ ജി.പ്രസാദ് എന്നിവർ സംസ്ഥാന സർക്കാരിലൂടെ നിരന്തരമായ ഇടപെടലാണ് ചുവപ്പുനാട അഴിക്കാൻ ഇടയാക്കിയത്.