തിരുവല്ല: നഗരസഭാ പ്രദേശങ്ങളിൽ അതിരൂക്ഷമായി പടരുകയാണ് കൊവിഡ്. ചികിത്സയിലായിരുന്ന ഒട്ടേറെപ്പേർ അടുത്തിടെ കൊവിഡ് ബാധിച്ച് മരിച്ചു. ഒരാഴ്ചയ്ക്കിടെ നഗരസഭാ പ്രദേശങ്ങളിലെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടതോടെ പല ഭാഗങ്ങളും അടച്ചുപൂട്ടി. ഹെഡ് പോസ്റ്റ് ഓഫിസ്, കെ.എസ്.എഫ്.ഇ എന്നിവ ഇനിയും തുറന്നിട്ടില്ല. ജില്ലയിലെ നഗരസഭാ പ്രദേശങ്ങളിൽ പ്രതിദിന കൊവിഡ് കണക്കുകളിൽ ഏറ്റവുമധികം പോസിറ്റിവ് റിപ്പോർട്ട് ചെയ്യുന്നതും തിരുവല്ലയിലാണ്. കഴിഞ്ഞയാഴ്ച തിരുവല്ല ഹെഡ് പോസ്റ്റ് ഓഫിസിൽ ഒരാൾക്ക് കൊവിഡ് ബാധിച്ചിരുന്നു. ഇതേതുടർന്ന് നടത്തിയ പരിശോധനയിൽ ഹെഡ് ഓഫീസിലും ഡിവിഷണൽ ഓഫീസിലുമായി ഇന്നലെ വരെ 28 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തു. ആകെയുള്ള 55 ജീവനക്കാരിൽ ഭൂരിഭാഗം പേരും പരിശോധന നടത്തി. കുറെപ്പേരുടെ പരിശോധനാഫലം ലഭിച്ചിട്ടില്ല. ബാക്കിയുള്ളവർ പരിശോധന കാത്തിരിക്കുകയാണ്. ആശങ്കപ്പെടുത്തും വിധം മുമ്പ് തുകലശേരിയിലെ കന്യാസ്ത്രീ മഠത്തിലാണ് ഇതേപോലെ ക്ലസ്റ്റർ രൂപപ്പെട്ടിരുന്നത്. ഹെഡ് പോസ്റ്റ് ഓഫിസിന് സമീപത്തെ കെ.എസ്.എഫ്.ഇ യുടെ ബ്രാഞ്ചിലും കൊവിഡ് വ്യാപകമായി പടർന്നു പിടിച്ചിട്ടുണ്ട്. ഇവിടുത്തെ 24 ജീവനക്കാരിൽ 16 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. കെ.എസ്.എഫ്.ഇയിൽ സ്വർണത്തിന്റെ മൂല്യം നിർണയിച്ചിരുന്ന ആൾ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചതും ജനങ്ങളിൽ ഭീതി വർദ്ധിപ്പിച്ചിട്ടുണ്ട്. പക്ഷേ നഗരത്തിലെ തിരക്കിന് കുറവില്ല.
പൊലീസുകാർക്കും കൊവിഡ്
അഡീഷണൽ എസ്.ഐ ഉൾപ്പടെ തിരുവല്ല പൊലീസ് സ്‌റ്റേഷനിലെ അഞ്ച് പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഒരു അഡീഷണൽ എസ് ഐയ്ക്കും നാല് സിവിൽ പൊലീസ് ഓഫീസർമാർക്കുമാണ് രോഗം. പലവിധ കേസുകളുമായി ബന്ധപ്പെട്ട് പൊലീസുകാർ പല സ്ഥലങ്ങളിൽ പോകുന്നതിനാൽ ഉറവിടം വ്യക്തമല്ല. സി.ഐ അടക്കം 35 പൊലീസ് ഉദ്യോഗസ്ഥരുടെ സ്രവ പരിശോധന ഇന്നലെ താലൂക്ക് ആശുപത്രിയിൽ നടത്തി. നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഉച്ചയോടെ സ്റ്റേഷനും പരിസരവും അണുവിമുക്തമാക്കി. അഞ്ച് ദിവസം മുമ്പ് എസ്.ഐയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.