road

കോന്നി: പുനലൂർ- മൂവാ​റ്റുപുഴ സംസ്ഥാന പാതയിൽ കോന്നി -പുനലൂർ റീച്ചിന്റെ നിർമ്മാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. കോന്നി മുതൽ പുനലൂർ വരെയുള്ള 29.84 കിലോമീ​റ്റർ റോഡിന്റെ പണികളാണ് കെ.എസ്.ടി.പി ടെൻഡർ ചെയ്തത്. ഇതിൽ 15 കിലോമീ​റ്റർ കോന്നി നിയോജക മണ്ഡലത്തിലാണ്.കോന്നി -പുനലൂർ റീച്ചിന്റെ വികസനം നടക്കുന്നതോടെ കോന്നി നിയോജക മണ്ഡലത്തിന്റെ കേന്ദ്രമായ കോന്നി, പ്രധാന ജംഗ്ഷനുകളായ ചൈനാമുക്ക്, എലിയറയ്ക്കൽ, വകയാർ, കൊല്ലൻപടി, മുറിഞ്ഞകൽ, കൂടൽ, കലഞ്ഞൂർ, ഇടത്തറ തുടങ്ങിയവ മുഖം മിനുക്കും. പ്രധാന ജംഗ്ഷനുകളിൽ ഫൂട്ട് പാത്ത് കം ഡ്രെയിനേജും നിർമ്മിക്കും. ചെറിയ പാലങ്ങൾ പുതുക്കി നിർമ്മിക്കും. എല്ലാ ബസ് സ്​റ്റോപ്പുകളും ബസ്‌ബേകളാക്കും. സ്ട്രീ​റ്റ് ലൈ​റ്റും, ട്രാഫിക് സിഗ്‌നൽ ലൈ​റ്റുകളും സ്ഥാപിക്കും.

ആർ.ഡി.എസ് ചെറിയാൻ ആൻഡ് വർക്കി കൺസ്ട്രക്ഷൻനാണ് കരാർ .ഉടൻ തന്നെ എഗ്രിമെന്റ് വയ്ക്കാനുള്ള നടപടി സ്വീകരിക്കും. കരാർ നൽകുന്നതുമായി ബന്ധപ്പെട്ട ചില തർക്കങ്ങൾ കോടതിയിലെത്തിയതിനാലാണ് കോന്നി -പുനലൂർ റീച്ചിലെ നിർമ്മാണം പ്ലാച്ചേരി -കോന്നി റീച്ചിനൊപ്പം ആരംഭിക്കാൻ കഴിയാതിരുന്നത്

221 കോടിയുടെ ടെൻഡർ

221 കോടി രൂപയ്ക്കാണ് ടെൻഡർ നടത്തിയത്. കോന്നി ഉപതിരഞ്ഞെടുപ്പിനു മുമ്പ് മുഖ്യമന്ത്റി പിണറായി വിജയൻ കോന്നിയിലെത്തിയാണ് റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചത്. പൊൻകുന്നം മുതൽ പുനലൂർ വരെയുള്ള 82.11 കിലോമീ​റ്റർ റോഡ് വികസനമാണ് കെ.എസ്.​ടി.പി.രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൂന്നു ഭാഗങ്ങളായി തിരിച്ചായിരുന്നു ടെൻഡർ . കോന്നി നിയോജക മണ്ഡലത്തിലെ 13.06 കിലോമീ​റ്റർ ഉൾപ്പെടുന്ന പ്ലാച്ചേരി കോന്നി റീച്ച് നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് പ്രൊക്യൂർമെന്റ് കൺസ്ട്രക്ഷൻ രീതിയിലുള്ള ആദ്യ നിർമ്മാണമാണിത്.14 മീ​റ്റർ വീതിയിൽ റോഡ് നിർമ്മിച്ച് 10 മീ​റ്റർ വീതിയിൽ ഡി.ബി.എം ആൻഡ് ബി.സി ടാറിംഗ് നടത്തിയാണ് റോഡ് നിർമ്മിക്കുന്നത്.


..---------------------

" കോന്നി നിയോജക മണ്ഡലത്തിന്റെ മുഖച്ഛായ മാ​റ്റുന്ന വികസന പദ്ധതിയാണ് പുനലൂർ-മൂവാ​റ്റുപുഴ റോഡ് നിർമ്മാണം. മുഖ്യമന്ത്റി സ്വീകരിച്ച വ്യക്തിപരമായ മുൻകൈയാണ് നിർമ്മാണം വേഗത്തിലാകാൻ കാരണം. കരാർ കമ്പനി എഗ്രിമെന്റ് നടപടി പൂർത്തീകരിച്ചാൽ ഉടൻതന്നെ നിർമ്മാണം ആരംഭിക്കും. ഇതു സംബന്ധിച്ച് കെ.എസ്.ടി.പി.ചീഫ് എൻജിനീയറുമായി ചർച്ച നടത്തി."

കെ.യു. ജനീഷ് കുമാർ (എം.എൽ.എ.)