കോന്നി : വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പേരിൽ കലഞ്ഞൂർ പഞ്ചായത്തിൽ പുതിയ അഞ്ചു പാറമടകൾ അനുവദിക്കുന്നതിനെതിരെ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി കോന്നി നിയോജക മണ്ഡലം പ്രസിഡന്റ്‌ ജി.മനോജ്‌ അറിയിച്ചു. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര പരിപാടികൾക്ക് രൂപം നൽകി.പരിസ്ഥിതിലോല പ്രദേശമായ കലഞ്ഞൂർ പഞ്ചായത്തിലെ ജനജീവിതം ദുസഹം ആക്കുന്ന തരത്തിൽ വൻകിട കമ്പനികൾക്ക് യഥേഷ്ടം ഖനനം നടത്തുവാൻ അനുമതി നൽകിയ ജനദ്രോഹപരമായ ഉത്തരവ് റദ്ദാക്കണം. ഇക്കാര്യം ചർച്ച ചെയ്യാൻ അടിയന്തര പഞ്ചായത്ത് കമ്മിറ്റി വിളിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജനപ്രതിനിധികൾ പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും കത്ത് നൽകി. പൊതുജനങ്ങളുടെ അഭിപ്രായം അറിയാൻ നേരിട്ടുള്ള ഹിയറിംഗ് നടത്തണം. ഇപ്പോൾ നിശ്ചയിക്കപെട്ടിട്ടുള്ള ഓൺലൈൻ ഹിയറിംഗ് റദ്ദാക്കണമെന്നും ജി.മനോജ് ആവശ്യപ്പെട്ടു.