ചെങ്ങന്നൂർ: കാരയ്ക്കാട് പണിക്കേഴ്‌സ് ഗ്രാനേറ്റ്‌സിൽ നിന്ന് പഞ്ചലോഹ വിഗ്രഹം മോഷണം പോയെന്ന പരാതിക്ക് പിന്നിൽ ഉടമകൾ തയ്യാറാക്കിയ തിരക്കഥയാണെന്ന് പൊലീസ്. മുൻ വൈരാഗ്യം മൂലം സ്ഥാപനത്തിലെ ഡ്രൈവറെ കുടുക്കാൻ കെട്ടിച്ചമതായിരുന്നു പരാതി. ലണ്ടനിലെ അയ്യപ്പ ക്ഷേത്രത്തിലേക്ക് നിർമ്മിച്ച രണ്ടു കോടി രൂപ വിലയുള്ള വിഗ്രഹം ഞായറാഴ്ച രാത്രി ഡ്രൈവർ സംഗീത് സോണിയുടെ നേതൃത്വത്തിലെത്തിയ ഇരുപതംഗം സംഘം തൊഴിലാളികളെ ആക്രമിച്ച് തട്ടിയെടുത്തെന്നായിരുന്നു പരാതി. തുടക്കത്തിലെ പരാതിയിൽ പൊലീസിന് സംശയമുണ്ടായിരുന്നു. ചെവ്വാഴ്ച സ്ഥാപനത്തിന് സമീപത്തെ പൊന്തക്കാട്ടിൽ നിന്ന് വിഗ്രഹം കണ്ടെത്തിയിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് - -
തമിഴ്‌നാട്ടിൽ നിന്നെത്തിയ തൊഴിലാളികൾ ക്വാറന്റൈനിൽ ഇരിക്കാതെയും ആരോഗ്യ വകുപ്പിനെ അറിയിക്കാതെയും ജോലി ചെയ്യുന്ന വിവരം സംഗീത് സോണി അധികൃതരെ അറിയിച്ചിരുന്നു. തുടർ
ന്ന് തൊഴിലാളികൾക്ക് ക്വാറന്റൈനിൽ ഇരിക്കേണ്ടി വന്നു. ഇതേച്ചൊല്ലി സംഗീതുമായി ഇവർ ഏറ്റുമുട്ടിയിരുന്നു. ശമ്പളത്തിൽ കുറവു വന്നതിനെച്ചൊല്ലി സംഗീത് അക്കൗണ്ടന്റുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു. തുടർന്ന് തമിഴ്‌നാട് സ്വദേശികളായ ജീവനക്കാർ സംഗീതിനെ മുറിയിൽ പൂട്ടിയിട്ടു. പിന്നീട് സംഗീത് സഹോദരനെ ഫോണിൽവിവരം അറിയിച്ചു. തുടർന്ന് സഹോദരനടക്കം 6 അംഗ സംഘം സ്ഥാപനത്തിലെത്തി തൊഴിലാളികളുമായി സംഘട്ടനമുണ്ടായി. ഇവരെ കുടുക്കാനാണ് സ്ഥാപന ഉടമകളായ മഹേഷ് പണിക്കരും പ്രകാശ് പണിക്കരും മോഷണക്കഥ മെനഞ്ഞത്.
സഹോദരങ്ങളായ ഇവരുടെ മൊഴിയിലെ വൈരുദ്ധ്യവും സംശയത്തിനിടയാക്കി.
മോഷണം പോയ വിഗ്രഹത്തിന്റെ ഫോട്ടോ പൊലീസിന് നൽകാൻ ഇവർ തയ്യാറായിരുന്നില്ല.
ഇവിടുത്തെ സിസിടിവി കാമറകൾ പ്രവർത്തന രഹിതമായിരുന്നതും സംശയത്തിനിടയാക്കി.
മോഷണം എന്ന പരാതി മൂലമാണ് ഡ്രൈവറും സംഘവും ഒളിവിൽ പോയതെന്ന് കരുതുന്നതായി ചെങ്ങന്നൂർ ഡിവൈഎസ് പി.വി ബേബി, സിഐ ജോസ് മാത്യു, എസ്‌ഐ എസ്.വി ബിജു എന്നിവർ പറഞ്ഞു.