മാൻഹോളുകൾ കണ്ടാൽ നോക്കി നിൽക്കാറുണ്ടോ? ഹേയ്, അങ്ങനെ നോക്കിനിൽക്കാൻ സൗന്ദര്യമുള്ളതൊന്നുമല്ല മാൻഹോളെന്ന് നമുക്കറിയാം. എന്നാൽ, ഇവിടെ മാൻഹോളുകൾ കണ്ടാൽ നമ്മൾ നോക്കി നിന്നുപോകും. അത്രയ്ക്ക് സുന്ദരമാണ് ആ മാൻഹോളുകളുടെ മൂടി. അതേ, മാൻഹോളുകളെ ബഹുമാനിക്കുന്ന ഒരു രാജ്യമുണ്ട്. അത് ഏതാണെന്ന് അറിയാമോ? ജപ്പാൻ! അഴുക്കു ചാലുകളുടെ അടപ്പുപോലും ജപ്പാൻകാർ കലാസൃഷ്ടികളാക്കി മാറ്റും. കലാപരമായി മാൻഹോൾ അടപ്പുകൾ നിർമ്മിക്കുന്ന രീതി അവർ തുടങ്ങിയിട്ട് കാലം കുറച്ചായി. 1980 കളിലാണ് ഈ രീതി ആരംഭിച്ചത്. പിന്നീട് ഓരോ മുനിസിപ്പാലിറ്റികളും അവരുടെ തനതായ സംസ്കാരങ്ങളും വ്യക്തിത്വവും വ്യക്തമാക്കുന്നതിനായി മാൻഹോൾ അടപ്പുകൾ രൂപകൽപ്പന ചെയ്യാൻ തീരുമാനിച്ചു. ഇപ്പോൾ 1,719 മുനിസിപ്പാലിറ്റികൾ അവരുടെ പ്രദേശങ്ങളിലെ അഴുക്കു ചാലുകളുടെ അടപ്പുകൾ അവരുടെ നഗരവീഥികളുടെ ഭംഗിക്ക് അനുസരിച്ച് കലാസൃഷ്ടികൾ ആക്കി മാറ്റി.
ഈ ജാപ്പനീസ് ശൈലിയുടെ സ്മരണയ്ക്കായി, 'ജാപ്പനീസ് മാൻഹോൾ കവർ ഫെസ്റ്റിവൽ' കഴിഞ്ഞ കൊല്ലം ആദ്യമായി നടന്നിരുന്നു. മൂന്ന് ദിവസത്തെ ഉത്സവം ടോക്കിയോയിലാണ് നടന്നത്. ഷിൻജുകു തകാഷിമയ ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിൽ ജപ്പാനിലെ ഏറ്റവും കലാപരമായ മാൻഹോൾ കവറുകളുടെ ഒരു വലിയ ശേഖരവും പ്രദർശിപ്പിച്ചു. ചില കടകളിൽ മാൻഹോൾ കവറുകളുടെ ചിത്രങ്ങൾ ഉള്ള സ്റ്റിക്കറുകൾ, പുസ്‌തകങ്ങൾ, പെൻസിലുകൾ, പ്രശസ്ത മാൻഹോൾ കവറുകളുടെ ചെറിയ പതിപ്പുകൾ എന്നിവ വിൽക്കാനും വച്ചിരുന്നു.
ജപ്പാനിൽ, ആധുനിക ഡ്രെയിനേജ് സംവിധാനങ്ങൾ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. വിദേശ എൻജിനീയർമാർ പിന്നീട് ജപ്പാനിൽ ആധുനിക, ഭൂഗർഭ ഡ്രെയിനേജ് സംവിധാനം പരിചയപ്പെടുത്തി. തുടക്കത്തിൽ, ജാപ്പനീസ് മാൻഹോൾ കവറുകൾ മറ്റ് രാജ്യങ്ങളിൽ ഉപയോഗിക്കുന്നതിന് സമാനമായ രൂപത്തിൽ ആയിരുന്നു. 1980 കളിൽ ഇത് പ്രാന്തപ്രദേശങ്ങളിലേക്ക് വികസിപ്പിക്കാൻ നോക്കിയപ്പോൾ ഗ്രാമത്തിൽ ഉള്ളവർ ഇതിനെ എതിർത്തു. അവരുടെ പ്രദേശത്തിന്റെ ഭംഗി ഇത് നഷ്ടപ്പെടുത്തും എന്ന് ചിലർ കരുതി. ആദ്യം ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥനാണ് ആ പ്രദേശത്തിന്റെ പ്രത്യേകതകൾ ഉള്ള മാൻഹോൾ അടപ്പുകൾ സൃഷ്ടിച്ചത്. പിന്നീട് ആളുകൾക്ക് ഇഷ്ടമുള്ള ഡിസൈൻ ഉള്ള അടപ്പുകൾ നൽകി തുടങ്ങി. സാധാരണയെക്കാൾ വിലയേറിയതാണെങ്കിലും ആളുകൾ ഇതിനെ സ്വാഗതം ചെയ്തു. ഇന്ന് ജപ്പാനിലെ 1,780 മുനിസിപ്പാലിറ്റികളിൽ 95 ശതമാനവും പ്രത്യേകമായി രൂപകൽപ്പന ചെയ്ത അടപ്പുകളാണ്. 'ഡ്രെയിൻ സ്പോട്ടിംഗ്' എന്ന റെമോ കാമറോട്ടയുടെ 2010 ലെ പുസ്തകം ഈ ജാപ്പനീസ് പ്രതിഭാസത്തെ പറ്റിയാണ്.