എവിടെ നോക്കിയാലും കല്ലിൽ കൊത്തിയ ശിവരൂപങ്ങൾ. കൃത്യമായ എണ്ണം പറഞ്ഞാൽ 99,99,999 എണ്ണം. ഒരു കോടിക്ക് ഒന്നു കുറവ്. ഉനകോട്ടി എന്ന ഗ്രാമത്തിലാണത്. ഉനകോട്ടി എന്ന ബംഗാളി വാക്കിന്റെ അർത്ഥം തന്നെ ഒരു കോടിക്ക് ഒന്നു കുറവ് എന്നാണ് . അതുകൊണ്ടുതന്നെയാണ് ഈ ഗ്രാമത്തിന് ഉനകോട്ടി എന്ന പേരും ലഭിച്ചതും.
വടക്കു കിഴക്കൻ സംസ്ഥാനമായ ത്രിപുരയിലെ ഉനകോട്ടി ജില്ലയിലെ കൈലാഷഹർ സബ് ഡിവിഷനിലാണ് ഉനകോട്ടി സ്ഥിതി ചെയ്യുന്നത്. മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളുടെയും പച്ചപ്പുല്ലുകളുടെയും കാടിന്റെയും ഒക്കെ നടുവിലായാണ് ഊനകോട്ടി സ്ഥിതി ചെയ്യുന്നത്. ഉനകോട്ടി ഒരു ശൈവ തീർത്ഥാടന കേന്ദ്രമായാണ് അറിയപ്പെടുന്നത്. ഏഴാം നൂറ്റാണ്ടിനും ഒൻപതാം നൂറ്റാണ്ടിനും ഇടയിൽ രൂപപ്പെട്ടതായി കണക്കാക്കപ്പെടുന്നു.
ഐതിഹ്യങ്ങളും കഥകളും
ധാരാളം ഐതിഹ്യങ്ങളും കഥകളും ഉനക്കോടിയിൽ ഉണ്ട്. ഒരിക്കൽ ശിവനും ഒരുകോടി ദേവൻമാരും ദേവതകളോടുമൊപ്പം കാശിക്കു പോവുകയായിരുന്നു. വഴിമദ്ധ്യേ ഈ സ്ഥലത്ത് വിശ്രമിക്കാനിരുന്നു. സൂര്യാസ്തമയത്തിനു മുൻപേ എഴുന്നേറ്റ് കാശിയിലേക്കുള്ള യാത്ര തുടരണം എന്ന ധാരണയിലായിരുന്നു വിശ്രമം. എന്നാൽ, കൃത്യസമയത്ത് എഴുന്നേറ്റ ശിവൻ കണ്ടത് ഉറങ്ങിക്കിടക്കുന്ന മറ്റുള്ളവരെയാണ്. കോപംപൂണ്ട ശിവൻ അവർ കല്ലായി പോകട്ടെ എന്നു ശപിച്ചു. അങ്ങനെ ശിവനൊഴികെ ബാക്കിയുള്ള 99,99,999 പേരും കല്ലായിമാറി എന്നാണ് ഐതിഹ്യം.
മറ്റൊരു കഥയും നിലവിലുണ്ട്. കല്ലു എന്നു പേരായ കൊല്ലപ്പണിക്കാരന് ഒരിക്കൽ ശിവനോടും പാർവതിയോടുമൊപ്പം കൈലാസത്തിൽ താമസിക്കണമെന്ന് ആഗ്രഹം തോന്നി. ഇത് ശിവനെ അറിയിച്ചപ്പോൾ അദ്ദേഹം ഒരു പന്തയത്തിൽ ജയിക്കുകയാണെങ്കിൽ ആഗ്രഹം സാധിച്ചു തരാം എന്നു പറഞ്ഞു. ഒറ്റ രാത്രി കൊണ്ട് ശിവന്റെ ഒരുകോടി രൂപങ്ങൾ നിർമ്മിക്കണമെന്നായിരുന്നു പന്തയം. പന്തയം ഏറ്റെടുത്ത് കല്ലു പണി തുടങ്ങി. രാവിലെ എണ്ണി നോക്കിയപ്പോൾ 99,99,999 രൂപങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അതായത് ഒരു കോടിയ്ക്ക് ഒന്ന് കുറവ്. അങ്ങനെയാണ് ഈ സ്ഥലത്തിന് ഉനകോട്ടി എന്ന പേരു ലഭിച്ചതെന്നാണ് മറ്റൊരു വിശ്വാസം.
ഉനകോട്ടീശ്വര കാല ഭൈരവ എന്ന പേരിലുള്ള ശിവന്റെ 20 അടി ഉയരമുള്ള രൂപമാണ് ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത. ഇതിലെ ശിവന്റെ തലയുടെ ഭാഗത്തിന് മാത്രം ഏകദേശം പത്തിടി ഉയരമുള്ളതായി കണക്കാക്കുന്നു. ശിവന്റെ മാത്രമല്ല, ഗണേശന്റെയും ദുർഗാദേവിയുടെയും നന്ദിയുടെയുമൊക്കെ രൂപങ്ങൾ ഇവിടെ കാണാം.