panther

തിരുവനന്തപുരം: ചാലയിലും മൺവിളയിലുമൊക്കെ ഉണ്ടായ തീപിടിത്തം നഗരവാസികൾക്ക് മറക്കാനാവില്ല. ഒടുവിലിതാ, ചെറുതാണെങ്കിലും സെക്രട്ടേറിയറ്റിലുമുണ്ടായി തീപിടിത്തം. വലിയ തിപിടിത്തമുണ്ടാകുമ്പോൾ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വലിയ വാഗ്ദ്ധാനങ്ങളാണ് അധികൃതർ നൽകാറുള്ളത്. എന്നാൽ, തീ അണഞ്ഞ് ചാരമായി കഴിയുമ്പോഴേക്കും വാഗ്ദ്ധാനവും ചാരംമൂടിയിരിക്കും. തലസ്ഥാന നഗരത്തിൽ ഫയർ സേഫ്റ്റിയൊന്നും ഇല്ലാതെയാണ് പല കെട്ടിടങ്ങളും പ്രവർത്തിക്കുന്നത്. ഇതിനെ ക്രമപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കാറുണ്ടെങ്കിലും ഇതുവരെ കാര്യമായ ഒരു ചലനവും ഉണ്ടായില്ല.

മാനദണ്ഡം കാറ്റിൽ പറക്കും

ഫയർഫോഴ്‌സിന്റെ നാഷണൽ ബിൽഡിംഗ് കോഡിനെ ആധാരമാക്കിയാണ് കെട്ടിടങ്ങൾ നിർമ്മിക്കേണ്ടത്. തലസ്ഥാനത്തെ നിരവധി കെട്ടിടങ്ങൾ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിർമ്മിച്ചിരിക്കുന്നതെന്ന് ഫയർഫോഴ്‌സ് അധികൃതർ പറഞ്ഞു. നൂതനമായ വയറിംഗ്, തീപിടിത്തം നേരിടാനുള്ള ഉപകരണങ്ങൾ, വലിയ സ്ഥാപനങ്ങളാണെങ്കിൽ ജലസംഭരണി, വാട്ടർ പമ്പ്, അലാറം ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് നിയമപ്രകാരം സ്ഥാപിക്കേണ്ടത്. എന്നാൽ, അഞ്ചുശതമാനം കെട്ടിടങ്ങളിൽ മാത്രമാണ് ഈ സംവിധാനങ്ങളുള്ളത്. രണ്ടായിരത്തിന് മുമ്പുള്ള കെട്ടിടങ്ങളിൽ ഫയർഫോഴ്‌സ് നിർദ്ദേശിക്കുന്ന ഒരു സുരക്ഷാ സംവിധാനങ്ങളുമില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയെന്ന് അധികൃതർ പറഞ്ഞു.

നഗരത്തിൽ പലയിടത്തെയും മിക്ക കെട്ടിടങ്ങളും പഴയതാണ്. ഇവ നിലനിർത്തിയാണ് പുതിയവ ഇതോടൊപ്പം നിർമ്മിക്കുന്നത്. ഇത്തരത്തിലുള്ള നിർമ്മാണങ്ങൾ നഗരസഭയുടെ അറിവോടെയല്ലെന്നാണ് ഫയർഫോഴ്സിന്റെ ഓഡിറ്റിംഗിൽ കണ്ടെത്തിയത്. തീപിടിത്ത നിയന്ത്രണ സംവിധാനങ്ങൾ സജ്ജമാക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും നഗരസഭയ്ക്കും റിപ്പോർട്ട് നൽകാനല്ലാതെ നിയമ ലംഘകർക്കെതിരെ ഫയർഫോഴ്സിന് യാതൊന്നും ചെയ്യാനാവില്ല.

സാറ്റലൈറ്റ് സ്റ്റേഷനുകളും വാട്ടർ ഹൈഡ്രന്റുകളും

ചാലയിൽ നിരവധി തവണ തീപിടത്തമുണ്ടായപ്പോൾ വാട്ടർ ഹൈഡ്രന്റ് സ്ഥാപിക്കണമെന്ന് തീരുമാനമെടുത്തിരുന്നു. കിഴക്കേക്കോട്ട, ചാല, ശ്രീ പദ്മനാഭസ്വാമിക്ഷേത്രം എന്നിവിടങ്ങളിൽ പ്രതിദിനം ആയിരങ്ങളാണ് വന്നുപോകുന്നത്. ഇവിടങ്ങളിൽ സാറ്റലൈറ്റ് ഫയ‌ർസ്റ്റേഷനുകൾ സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അതീവ സുരക്ഷാ മേഖലയായ പദ്മനാഭ സ്വാമി ക്ഷേത്രത്തിലുൾപ്പെടെ ഒരുഫയർ എൻജിൻ പാർക്ക് ചെയ്യാനും ജീവനക്കാ‌ർക്ക് കഴിയാനുമുള്ള സൗകര്യം ലഭ്യമാകാത്തതാണ് തടസം. നഗരസഭയുടെ കൂടി സഹായത്തോടെ വാട്ടർ ഹൈഡ്രന്റുകൾ സ്ഥാപിക്കാനുള്ള പദ്ധതിയ്ക്കും സ്ഥലവും പണവും തടസമായതിനാൽ അതും ഫയലിലുറങ്ങുകയാണ്.

സുരക്ഷാ ഉപകരണങ്ങൾ വേണം

തലസ്ഥാന നഗരത്തിൽ തിങ്ങി നിറഞ്ഞിരിക്കുന്ന കെട്ടിടങ്ങൾക്കിടയിൽ തീപടരാൻ സാദ്ധ്യതയേറെയാണ്. 1500 മുതൽ 2000 വരെ വിലയുള്ള ഫയർ സുരക്ഷാ ഉപകരണങ്ങൾ ലഭ്യമായിട്ടും അവ വാങ്ങാൻ ആരും തയ്യാറായിട്ടില്ല. ഇതുപയോഗിച്ച് തീയണയ്ക്കാനുള്ള പരിചയസമ്പന്നരായ ജീവനക്കാരുമില്ല. അതേസമയം, നഗരത്തിലെ ഇടുങ്ങിയ സ്ഥലങ്ങളിലും മറ്റുമായി സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളിൽ തീ പടർന്നാൽ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള പരിശീലനം നൽകാൻ തയ്യാറാണെന്ന് ഫയർഫോഴ്‌സ് അധികൃതർ പറഞ്ഞു. അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാനാണ് സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പരിശീലനം നൽകുന്നത്.

സുരക്ഷയില്ലാതെ മെഡിക്കൽ കോളേജ്

ആയിരക്കണക്കിന് രോഗികളുടെ ആശ്രയകേന്ദ്രമായ മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരുവിധത്തിലുമുള്ള അഗ്നിസുരക്ഷാ സംവിധാനമില്ലെന്ന് ഫയർഫോഴ്‌സ് അധികൃതർ പറഞ്ഞു. വാർഡുകളിൽ പഴക്കം ചെന്ന വയറിംഗാണുള്ളത്. തലങ്ങും വിലങ്ങും സ്ഥാപിച്ചിരിക്കുന്ന ഈ വയറിംഗ് സംവിധാനം അപകടം വരുത്തുമെന്ന സ്ഥിതിയിലാണ്. ഇതേത്തുടർന്ന് പരിശോധന നടത്തുന്നതിന് മൂന്നുതവണ മെഡിക്കൽകോളേജ് അധികൃതർക്ക് അഗ്നിസുരക്ഷാവിഭാഗം കത്ത് നൽകിയിരുന്നു. എന്നാൽ, കത്ത് പരിഗണിക്കുകയോ മറുപടി നൽകുകയോ ചെയ്തിട്ടില്ല.

ചുവപ്പുനാടയിൽ

ചാലയിലും കഴക്കൂട്ടത്തും തകരപ്പറമ്പിലുമൊക്കെ തീപിടിത്തമുണ്ടായപ്പോൾ ഫയർഫോഴ്‌സിനെ സഹായിക്കാനെത്തിയത് വിമാനത്താവളത്തിലെ ‘പാന്തർ’എന്ന ഫയർ എൻജിനാണ്. നമ്മുടെ ഫയർഫോഴ്‌സിനും ഇത്തരം ഒരു ഫയർ എൻജിൻ വാങ്ങാൻ സർക്കാർ പദ്ധതിയിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിലെത്തി മന്ത്രിയടക്കമുള്ളവർ ഈ ഫയർ എൻജിന്റെ പ്രവർത്തനം പരിശോധിച്ചിരുന്നു. ആറുകോടി രൂപയാണ് ഇതിന്റെ വില. എന്നാൽ ഫയർ എൻജിൻ വാങ്ങാനുള്ള പദ്ധതി ചുവപ്പുനാടയിലൊതുങ്ങി.