iii

തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് ക്ളാസുകൾ ഓൺലൈനായതോടെ ഇത് മുതലാക്കി കുട്ടികൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. പഠനത്തിന്റെ പേരിൽ മൊബൈൽ ഫോണുകളും കമ്പ്യൂട്ടറുകളും കുട്ടികൾ യഥേഷ്ടം കൈകാര്യം ചെയ്യുന്നത് മനസിലാക്കിയാണ് സൈബർ കുറ്റവാളികൾ ഇവരെ ചതിക്കുഴിയിലാക്കാനുള്ള വലകൾ വിരിക്കുന്നത്. ഓൺലൈൻ പഠനത്തിനായി അഞ്ചാം ക്ളാസ് മുതൽ കോളേജ് തലം വരെയുള്ള വിദ്യാർത്ഥികളിൽ 80 ശതമാനവും സമൂഹമാദ്ധ്യമങ്ങളിൽ അക്കൗണ്ടുള്ളവരാണ്. ഗൂഗിളോ​ ക്രോമോ വഴിയുള്ള ജി മെയിൽ വിലാസം വഴിയാണ് ഫേസ് ബുക്ക്,​ വാട്ട്സ് ആപ്പ് അക്കൗണ്ടുകൾ തുറക്കുന്നത്. ഓൺലൈൻ പഠനത്തിന് വീട്ടിൽ ടിവിയില്ലാത്ത കുട്ടികൾ എവിടെ നിന്നെങ്കിലും വാങ്ങിയതോ ആരെങ്കിലും സംഭാവന ചെയ്തതോ ആയ പഴയ കമ്പ്യൂട്ടർ,​ മൊബൈൽഫോണുകൾ എന്നിവ വഴിയാണ് ക്ളാസുകളിൽ പങ്കെടുക്കുന്നത്. ക്ളാസിൽ പങ്കെടുക്കാനായി ഉപയോഗിക്കുന്ന ഇന്റർനെറ്റ് നമ്പർ മറ്റാരെങ്കിലും വഴിവിട്ട നിലയിൽ ഉപയോഗിച്ചിരുന്നതാണെങ്കിൽ അവർ ഉപയോഗിച്ചിരുന്ന സൈറ്റുകളിൽ നിന്നും പലവിധത്തിലുള്ള നോട്ടിഫിക്കേഷനുകളും ഓൺലൈൻ ക്ലാസിനിടെ കുട്ടികളുടെ അക്കൗണ്ടിലെത്തും. അറിഞ്ഞോ അറിയാതെയോ കുട്ടികൾ ഇത്തരം നോട്ടിഫിക്കേഷനുകൾ പരിശോധിക്കാനും സൈറ്റുകളിൽ കയറാനും ശ്രമിച്ചാൽ അവർ അറിയാതെ ചതിക്കുഴികളിൽ അകപ്പെടും.

ഓൺലൈൻ ക്ളാസിനിടെ ചില സ്ഥലങ്ങളിൽ അശ്ളീല വീഡ‌ിയോകളും ഇമേജുകളും പ്രത്യക്ഷപ്പെട്ട സംഭവങ്ങളുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇക്കാര്യത്തിൽ ജാഗ്രതാ നിർദേശം നൽകിയത്. ഓൺലൈൻ ക്ളാസുകൾ നടക്കുന്ന സൈറ്റുകൾ ഹാക്ക് ചെയ്യാതിരിക്കാനും മറ്റ് വിധത്തിൽ ദുരുപയോഗം ചെയ്യാതിരിക്കാനും സൈബർ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ടീനേജുകാരായ ചില ആൺകുട്ടികളും പെൺകുട്ടികളും പ്രായത്തിന്റെ കൗതുകത്തിൽ ഇത്തരം സൈറ്റുകളിൽ പരതുകയും വീഡിയോകളും ഫോട്ടോകളും ഡൗൺലോഡ് ചെയ്യുകയും അവ പരസ്പരം ഷെയർ ചെയ്യുകയും ചെയ്യാറുണ്ട്. പോൺ വീഡിയോ സൈറ്റുകൾ സന്ദർശിക്കുന്നവരെയും അശ്ലീല വീഡിയോ ഷെയർ ചെയ്യുന്നവരെയും നിരീക്ഷിക്കാൻ തിരുവനന്തപുരം എസ്.എ.പി ക്യാമ്പ് കേന്ദ്രീകരിച്ച് നിരീക്ഷണത്തിന് പ്രത്യേക കൺട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട്.

ഐ.ബി സഹായത്തോടെ നിരീക്ഷണം

ചൈൽഡ് പോണോഗ്രഫി പോലുള്ള കുറ്റകൃത്യങ്ങൾ ആഗോളതലത്തിൽ വർദ്ധിച്ചതനുസരിച്ച് കേരളത്തിലും ഇന്റർപോളിന്റെ മേൽനോട്ടത്തിൽ ഐ.ബിയുടെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇത്തരം വീഡിയോകൾ സൈറ്റുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്നവരെ ഐ.പി അഡ്രസ് പ്രകാരം കൈയ്യോടെ പൊക്കാനാണ് പൊലീസിന്റെ തീരുമാനം.

പതിമൂന്നിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് സൈബർ ചതിക്കുഴികളിൽ വീഴുന്നവരിൽ അധികവും. ഇത്തരം കേസുകളിൽ കുട്ടികളുടെ മൊഴി സ്വകാര്യമായി രേഖപ്പെടുത്താൻ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഓൺലൈനിലെ ചതിക്കുഴികളെക്കുറിച്ചും ഇതൊഴിവാക്കേണ്ടതെങ്ങനെയെന്നും പരാതിപ്പെടേണ്ട മാർഗങ്ങളുമെല്ലാം പൊലീസ് സാമൂഹമാദ്ധ്യമങ്ങളിലൂടെ പല തവണ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ, ഇതൊന്നും രക്ഷിതാക്കളോ കുട്ടികളോ ശ്രദ്ധിക്കുന്നില്ല. അതുകൊണ്ടുതന്നെ കുട്ടികളുടെ ഓൺലൈൻ ഉപയോഗം രക്ഷിതാക്കൾ കർശനമായി നിരീക്ഷിക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചു.

മാതാപിതാക്കളുടെ നിയന്ത്രണവും പരിശോധനയും സുരക്ഷിതമായ ഓൺലൈൻ ഉപയോഗത്തിന് ആവശ്യമാണെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്

''

ഓൺലൈൻ ക്ളാസുകളുടെ വീഡിയോകൾക്കിടയിൽ ചില അശ്ലീല വീഡിയോകൾ പ്രചരിച്ചതുൾപ്പെടെ ചില പരാതികളുണ്ടായിട്ടുണ്ട്. രക്ഷിതാക്കളുടെ പ്രത്യേക ശ്രദ്ധയും കരുതലും ഇക്കാര്യത്തിലുണ്ടായാൽ കുട്ടികൾ ചതിയിൽപ്പെടുന്നത് തടയാം.

- സഞ്ജയ്‌‌ കുമാർ ഗരുഡിൻ,​ റേഞ്ച് ഐജി, തിരുവനന്തപുരം