pic

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസിൽ കോൺഗ്രസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകരായ നാലുപേരുടെ അറസ്റ്റ് ഇന്നുരാവിലെ പൊലീസ് രേഖപ്പെടുത്തി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഷജിത്ത്, നജീബ്, അജിത്ത്,സതി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കേസിലെ പ്രധാന പ്രതിയായ സജീവ്, സനൽ എന്നിവരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. കേസിലെ മറ്റ് രണ്ട് പ്രതികളായ അൻസാർ, ഉണ്ണി എന്നിവർക്കായി തെരച്ചിൽ ശക്തമാക്കിയതായി അന്വേഷണത്തിന് നേതൃത്വം നൽകുന്ന ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷ് അറിയിച്ചു. പിടിയിലായ പ്രതികളെ വെഞ്ഞാറമൂട്, പോത്തൻകോട്, ആറ്റിങ്ങൽ എന്നിവിടങ്ങളിലെ വ്യത്യസ്ത കേന്ദ്രങ്ങളിലായി ചോദ്യം ചെയ്തുവരികയാണ്. കേസിൽ ഇവരടക്കം എട്ട് പേരാണ് നിലവിൽ ഉൾപ്പെട്ടിട്ടുള്ളതെന്നും പൊലീസ് പറഞ്ഞു.

ഡി.വൈ.എഫ്‌.ഐ പ്രവർത്തകരായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികൾ ഞായറാഴ്ച തേമ്പാമൂട്ടിലെത്തിയതെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തൽ. മുഖ്യപ്രതി സജീവ്, സജീവിന്റെ ഉറ്റസുഹൃത്തും രണ്ടാം പ്രതിയുമായ അൻസാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. സംഭവത്തിന് ദൃക്സാക്ഷിയായ ഷെഹീലിനെ സജീവ് ചീത്ത വിളിച്ച ശേഷമാണ് ഷെഹീലിന്റെ

സുഹൃത്തുക്കളായ ഹഖിനെയും മിഥുലാജിനെയും ആക്രമിച്ചതെന്ന് എഫ്‌.ഐ.ആറിൽ പറയുന്നു. അക്രമത്തിന്റെ ദൃശ്യങ്ങൾ സി.സി ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. മിഥുലാജ് സംഭവ സ്ഥലത്തും ഹഖ് ആശുപത്രിയിലും മരിച്ചു.

സംഭവത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്നാണ് പൊലീസ് എഫ്‌.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇരുവരെയും വെട്ടിക്കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പ്രതികൾ മാരകയുധങ്ങളുമായി സംഘം ചേർന്ന് ആക്രമിച്ചുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. മുഖ്യപ്രതി സജീവാണ് മറ്റ് പ്രതികളുമായി ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. വെഞ്ഞാറമൂട്ടിൽ മുമ്പുണ്ടായ ഫൈസൽ വധശ്രമക്കേസിലെ പ്രതിയാണ് സജീവും അൻസാറും. ഇവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഫൈസൽ വധശ്രമക്കേസിൽ പ്രതിയായ നജീബിന്റെ ബൈക്കും ഇരട്ടക്കൊലപാതകത്തിന് പ്രതികൾ ഉപയോഗിച്ചിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികൾക്ക് രക്ഷപ്പെടാൻ വാഹനം തരപ്പെടുത്തി നൽകുകയും സൗകര്യം ഒരുക്കുകയും ചെയ്തത് നജീബിന്റെ നേതൃത്വത്തിലാണ്. അജിത്തും സതിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളും ഗുണ്ടകളുമാണെന്ന് പൊലീസ് വെളിപ്പെടുത്തി.

പ്രാദേശിക ഐ.എൻ.ടി.യു.സി പ്രവർത്തകനായ ഉണ്ണി, സുഹൃത്ത് അൻസാർ എന്നിവർക്കും ആസൂത്രണത്തിലും ഗൂഢാലോചനയിലും പങ്കുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താൻ അന്വേഷണം വ്യാപകമാക്കിയതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളുമായി പൊലീസ് സംഘം ഇന്ന് സ്ഥലത്ത് തെളിവെടുപ്പ് നടത്തും.കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും വാഹനങ്ങളും കണ്ടെത്തുന്നതിനും ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങൾ തിരിച്ചറിയുന്നതിനും വേണ്ടിയാണിത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി സുരേഷിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

വെമ്പായത്ത് ഹർത്താൽ

വിവിധയിടങ്ങളിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് വെമ്പായം പഞ്ചായത്തിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ ആചരിക്കുകയാണ്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. വെഞ്ഞാറമൂട്ടിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നാളെ സി.പി.എം സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും.