കൊല്ലം: കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമെത്തിയ്ക്കാൻ ജലജീവൻ പദ്ധതി വരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന ജലജീവൻ പദ്ധതി പഞ്ചായത്തിൽ നടപ്പാക്കുന്നതോടെ വേനൽക്കാലത്തും മഴക്കാലത്തും കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങൾക്ക് വലിയ അനുഗ്രഹമായി മാറും. പദ്ധതിയുടെ ഭാഗമായി പുത്തൻ തെരുവ് സ്റ്റേഡിയം കോമ്പൗണ്ട്, പുതിയകാവ് താഴത്തോടത്ത് ജംഗ്ഷൻ, പുളിക്കാമഠം ജംഗ്‌ഷൻ എന്നിവിടങ്ങളിൽ മൂന്ന് കുഴൽ കിണറുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു.
പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ ഒന്ന്, ഇരുപത്തി ഒന്ന്, ഇരുപത്തിരണ്ട്, ഇരുപത്തിമൂന്ന് വാർഡുകളിലാണ് അതിരൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്നത്. മഴ തുടങ്ങിയിട്ടും ടാങ്കറുകളിൽ ജലവിതരണം നടത്തേണ്ടിവരുന്ന പ്രദേശമാണിവിടം. ഇവിടത്തെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ള പൈപ്പ് കണക്ഷൻ നൽകാനും കുടിവെള്ളക്ഷാമം പരിഹരിക്കാനും കഴിയും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന പദ്ധതി തുകയുടെ അൻപത് ശതമാനം കുടിവെള്ളം, ശുചിത്വം എന്നീ മേഖലകളിൽ ചെലവഴിക്കാമെന്നിരിക്കെ കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൽ കുടിവെള്ള പദ്ധതിക്കായി ഒരു കോടി അഞ്ച് ലക്ഷത്തി പതിനായിരം രൂപ വരെ മാറ്റുവാനാണ് തീരുമാനമെങ്കിലും ചില്ലറ തടസങ്ങൾ നിലനിൽക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ പദ്ധതി തുകയുടെ പകുതി കുടിവെള്ള പദ്ധതികൾക്കായി ചെലവഴിക്കാൻ കഴിയില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പും ചെലവഴിക്കാമെന്ന് ജലവിഭവ വകുപ്പും രണ്ട് നിലപാടെടുത്തതോടെയാണ് ഈ തുക വിനിയോഗിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നത്.
കുഴൽ കിണറുകളും പമ്പ് ഹൗസും
ആർ. രാമചന്ദ്രൻ എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ചാണ് പുളിക്കാമഠം ജംഗ്‌ഷനിൽ കുഴൽ കിണർ സ്ഥാപിക്കുന്നത്. ഇവിടെ ഗ്രാമ പഞ്ചായത്ത് ഏഴു ലക്ഷത്തി എഴുപത്തിനാലായിരം രൂപ ചെലവഴിച്ചാണ് പമ്പ് ,പമ്പ് ഹൗസ് എന്നിവ സ്ഥാപിക്കുന്നത്. പുത്തൻ തെരുവ് സ്റ്റേഡിയം കോമ്പൗണ്ടിൽ ഭൂജല വകുപ്പിന്റെയും പുതിയകാവ് താഴത്തോടത്ത് ജംഗ്ഷനിൽ ജല അതോറിറ്റിയുടെയും നേതൃത്വത്തിൽ കുഴൽ കിണർ സ്ഥാപിക്കുന്നതിനുള്ള നടപടിയും പൂർത്തിയായിട്ടുണ്ട്.