കൊല്ലം: ആര്യങ്കാവ് - റോസ്‌‌മല വനപാതയിൽ പുതിയ പാലം വരുന്നു, ഇതോടെ മലയോരവാസികളുടെ വർഷങ്ങളായുള്ള യാത്രാ ദുരിതത്തിനാണ് പരിഹാരമാകുന്നത്. ആര്യങ്കാവിൽ നിന്നും റോസ്‌‌മലയിലേക്ക് കടന്ന് പോകുന്ന റോഡിൽ പുതിയ പാലത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുവാനാണ് തീരുമാനം. ഇതിനായി 45 ലക്ഷം രൂപ വനംവകുപ്പ് അനുവദിച്ചിട്ടുണ്ട്. മന്ത്രി കെ.രാജു പ്രത്യേക താത്പര്യമെടുത്താണ് തുക അനുവദിച്ചത്. ആര്യങ്കാവ് ഫോറസ്റ്റ് റേഞ്ച് ഓഫീസിന് എതിർവശത്തു കൂടി കടന്ന് പോകുന്ന റോസ് മല റോഡിലെ ചപ്പാത്ത് ഒഴിവാക്കിയാണ് പകരം പുതിയ പാലം പണിയുന്നത്. പത്ത് മീറ്റർ നീളവും ആറ് മീറ്റർ വീതിയുമുള്ളതാണ് പുതിയ പാലം. എസ്റ്റിമേറ്റ് എടുത്ത പാലത്തിന്റെ നിർമ്മാണ അനുമതിയും ലഭിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ മേൽ നോട്ടത്തിലാണ് നിർമ്മാണം.

ഏറെ നാളത്തെ ആവശ്യം

ആര്യങ്കാവ് ആറിന് മദ്ധ്യേ സ്ഥിതി ചെയ്യുന്ന റോസ്‌‌മല വനപാതയിലെ ചപ്പാത്തിൽ മഴവെളളം ഉയരുന്നതുമൂലം മഴക്കാലത്ത് ഗതാഗത തടസം ഉണ്ടാകുന്നത് പതിവാണ്. കാലവർഷത്തിലുണ്ടാകുന്ന മലവെള്ളപ്പാച്ചിലിൽ എക്കലും ചെളിയും ആറ്റിൽ ഇറങ്ങിയതോടെ ഇത് നികന്ന് കാലവർഷത്തിൽ ചപ്പാത്തിൽ വെള്ളം നിറഞ്ഞൊഴുകും. ഇത് റോസ് മലയിലേക്കുള്ള ഗതാഗതം മുടക്കും. സമീപത്തെ യു.പി.സ്കൂളിൽ പോകേണ്ട വിദ്യാർത്ഥികളുടെ പഠനം മുടങ്ങുന്നതും മുൻകാലങ്ങളിൽ പതിവായിരുന്നു. കര കവിഞ്ഞൊഴുകാറുള്ള ചപ്പാത്തിലൂടെ കുട്ടികൾക്ക് സ്കൂളിൽ എത്താൻ കഴിഞ്ഞിരുന്നില്ല. ഈ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ചപ്പാത്തിനോട് ചേർന്ന് പുതിയ പാലം പണിയുന്നത്. ടെന്റർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ ജോലികൾ വേഗത്തിൽ തുടങ്ങാനാണ് തീരുമാനം.