onam

കൊല്ലം: വയൽപ്പരപ്പുകളിൽ നിന്ന് നാട്ടിടവഴികളിലേക്ക് കരടികളും വേട്ടക്കാരുമെത്താത്ത, നാലും കൂടുന്ന കവലയിൽ ഓണപ്പാട്ടുകൾ കേൾക്കാത്ത, ഉറിയടിയും മിഠായി പെറുക്കും സുന്ദരിക്ക് പൊട്ടുതൊടീലൂം അത്തപ്പൂക്കള മത്സരവും ഇല്ലാത്ത ഒരു ഓണം മലയാളിയുടെ ഓർമ്മകളിൽ ഇതാദ്യം. ഓണാഘോഷം ഇങ്ങനെയുമാകാമെന്ന് അടയാളപ്പെടുത്തുകയാണ് കൊവിഡ് കാലം.

കൊല്ലം, അഴീക്കൽ ബീച്ചുകളിലെ മണൽ പരപ്പുകൾ, സിനിമാശാലകൾ, ഷോപ്പിംഗ് മാളുകൾ, കൊല്ലത്തെ വിവിധ മേളകൾ എന്നിങ്ങനെ ആഘോഷങ്ങളുടെ ഇരവുപകലുകളായിരുന്നു കഴിഞ്ഞ തവണ വരെയുള്ള ഓണക്കാലം. ഇത്തവണ ആഘോഷങ്ങളെല്ലാം വീടുകളിലേക്ക് ഒതുങ്ങി. സദ്യവട്ടങ്ങൾ, തൊടിയിലെ പൂക്കളാൽ തീർത്ത അത്തപ്പൂക്കളം, ടി.വിയിലെയും ഓൺലൈൻ ആപ്ലിക്കേഷനുകളിലെയും സിനിമകൾ, അയൽപക്കങ്ങളിലെ സ്നേഹം, വീട്ടുമുറ്റങ്ങളിലെ ഓണക്കളികൾ എന്നിങ്ങനെ ഒതുങ്ങി ഓണപ്പൊലിമകൾ.

കൊവിഡ് മാന്ദ്യം മറികടന്നെങ്കിലും വിപണിയിൽ മുൻ വർഷങ്ങളിലേത് പോലെ തള്ളിക്കയറ്റമുണ്ടായില്ല. വിനോദ സഞ്ചാര മേഖലകളിൽ ആൾത്തിരക്ക് ഉണ്ടാകാതിരിക്കാൻ പ്രത്യേക പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. പരിസ്ഥിതി ചൂഷണം തടയാനും കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കാനും പ്രത്യേക സ്ക്വാഡ് രംഗത്തുണ്ട്.

 സമ്മാനങ്ങളുമായി ബന്ധുവീടുകളിലേക്ക്..

ബന്ധുവീടുകളിലെ സന്ദർശനങ്ങൾ കർശനമായി ഒഴിവാക്കണമെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ നിർദ്ദേശമെങ്കിലും നടപ്പായില്ല. മിക്കവരും ബന്ധുവീടുകളിൽ ഒത്തുകൂടി സ്നേഹം പുതുക്കി. കൊവിഡ് മാനദണ്ഡങ്ങളും സാമൂഹിക അകലവും ഒരാണ്ടിന്റെ കാത്തിരിപ്പിനൊടുവിലെത്തിയ സ്നേഹകാലത്ത് നടപ്പായില്ല. ഇതിനിടെയും സർക്കാർ നിർദ്ദേശങ്ങൾ മാനിച്ച് കൃത്യമായി അകലം പാലിച്ചവരും സന്ദർശനങ്ങൾ ഒഴിവാക്കിയവരും കുറവല്ല. പത്ത് വയസിന് താഴെയുള്ള കുട്ടികൾ, പ്രായമായവർ എന്നിവർക്കൊപ്പം ഓണയാത്രകൾ നടത്തി ആശങ്ക സൃഷ്ടിച്ചവരുമുണ്ട്.

 ഓൺലൈൻ ആഘോഷം

ഓൺലൈനിലാകെ ഓണാഘോഷങ്ങളുടെയും ഒത്തുചേരലുകളുടെയും നിറങ്ങളാണ്. സ്കൂളുകളിലെയും കോളേജുകളിലെയും ആഘോഷങ്ങളും മത്സരങ്ങളും ഓൺലൈനിലൂടെയാണ് നടത്തിയത്. ഇന്നലെ വിവിധ റസിഡന്റ്സ് അസോസിയേഷനുകൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ അത്തപ്പൂക്കള മത്സരം, നാടൻ പാട്ട്, ഓണപ്പാട്ട് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. റസിഡന്റ്സ് അസോസിയേഷനുകൾ, ക്ലബുകൾ എന്നിവരുടെ ഓൺലൈൻ ഓണാഘോഷങ്ങൾ ജനപ്രതിനിധികൾ, സിനിമ - സീരിയൽ താരങ്ങൾ തുടങ്ങിയവരാണ് ഉദ്ഘാടനം ചെയ്തത്.