കൊല്ലം: ബൈക്കിൽ അമിതവേഗതയിൽ സഞ്ചരിച്ചത് ചോദ്യം ചെയ്ത അയൽവാസിയെ ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ച് യുവാവ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. മുണ്ടയ്ക്കൽ പാപനാശനം, തിരുവാതിര നഗർ, പുതുവൽ പുരയിടത്തിൽ ശിവപ്രസാദാണ് (60) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മുണ്ടയ്ക്കൽ തിരുവാതിര നഗർ പുതുവൽ പുരയിടത്തിൽ നിക്സൺ (21) പിടിയിലായി.
തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ശിവപ്രസാദ് വീടിനുമുന്നിലെ റോഡുവക്കിൽ നിൽക്കുമ്പോൾ നിക്സൺ ബൈക്കിൽ അമിതവേഗതയിൽ അതുവഴി പോയി. ശിവപ്രസാദ് അല്പം ഉച്ചത്തിൽ ശകാരിച്ചു. ഇതുകേട്ട് മടങ്ങിയെത്തിയ നിക്സൺ ശിവപ്രസാദിനെ മതിലിനോട് ചേർത്തുനിറുത്തി മർദ്ദിക്കുകയായിരുന്നു. നിലവിളികേട്ട് ശിവപ്രസാദിന്റെ മകളും ഭാര്യയും ഓടിയെത്തി പിടിച്ചുമാറ്റാൻ ശ്രമിച്ചു. കാലിൽ വീണ് അപേക്ഷിച്ച ഇരുവരെയും തള്ളിമാറ്റിയ ശേഷം ശിവപ്രസാദിനെ നിക്സൺ വീണ്ടും മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ് ശിവപ്രസാദ് കുഴഞ്ഞുവീണു.
ഒച്ച കേട്ട് നിക്സണിന്റെ ഓട്ടോ ഡ്രൈവറായ പിതാവടക്കമുള്ള സമീപവാസികൾ ഓടിക്കൂടി. നാട്ടുകാരോട് സംഭവം വിവരിച്ച ശിവപ്രസാദിന്റെ ഭാര്യയെയും മകളെയും നിക്സൺ വീണ്ടും ആക്രമിക്കാൻ ശ്രമിച്ചു. നിലത്ത് കിടക്കുകയായിരുന്ന ശിവപ്രസാദിനെ നിക്സണിന്റെ പിതാവ് ഓട്ടോറിക്ഷയിൽ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പിന്നീട് ജില്ലാ ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. കൂടുതൽ ആളുകൾ തടിച്ചുകൂടിയതോടെ കടന്നുകളഞ്ഞ നിക്സണെ ഇരവിപുരം സുനാമി ഫ്ലാറ്റിൽ സുഹൃത്തിന്റെ മുറിയിൽ നിന്ന് ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ കമ്മിഷണറുടെ സ്ക്വാഡ് പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. കൂലിപ്പണിക്കാരനായിരുന്നു ശിവപ്രസാദ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം പോളയത്തോട് ശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ: ശ്യാമള. മക്കൾ: പ്രിയങ്ക, പ്രവീൺ. മരുമകൻ: സജി.