കൊല്ലം: കുന്നത്തൂർ താലൂക്കിലെ കൊവിഡ് വ്യാപന പ്രദേശങ്ങൾ തിരുവോണ നാളിൽ ഒരു കൂട്ടം ചെറുപ്പക്കാർ ശുചീകരിച്ചു. പോരുവഴി ദേവഗിരി, പാലമുക്ക്, ശാസ്താംകോട്ട ആഞ്ഞിലിമൂട്, പുന്നമൂട് പ്രദേശങ്ങളിലെ കൊവിഡ് രോഗികളുടെ വീടുകൾ, എ.ടിഎം കൗണ്ടറുകൾ, വ്യാപാര സ്ഥാപനങ്ങൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ശുചീകരണവും അണുനശീകരണവും നടത്തിയത്. രണ്ട് മാസം മുമ്പ് ജില്ലയിൽ ഏറ്റവും കൂടുതൽ കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത താലൂക്കാണ് കുന്നത്തൂർ. സ്ഥിതി ഒരു പരിധിവരെ നിയന്ത്രണ വിധേയമായെങ്കിലും അടുത്തിടെ ശാസ്താംകോട്ട, പോരുവഴി പഞ്ചായത്തുകളിൽ രൂക്ഷമാകുകയായിരുന്നു. സാധാരണക്കാരായ തൊഴിലാളികൾക്കാണ് ഏറെയും രോഗം പിടിപെട്ടത് .ഈ സാഹചര്യത്തിലാണ് പൊതുപ്രവർത്തകൻ ഉല്ലാസ് കോവൂരിന്റെ നേതൃത്വത്തിൽ ഏഴംഗ സംഘം ശുചീകരണത്തിനിറങ്ങിയത്. രാവിലെ തുടങ്ങിയ ശുചീകരണം വൈകുന്നേരം വരെ നീണ്ടു. സ്റ്റാൻലി അലക്സ്,ഷഫീഖ് മൈനാഗപ്പള്ളി,രതീഷ് ഇടയ്ക്കാട്, സുജീഷ് സദാശിവൻ,നന്ദു പിള്ള, ബ്ലസൻ ജോയ് തുടങ്ങിയവർ പങ്കെടുത്തു.