കൊല്ലം: കോടിക്കണക്കിന് രൂപയുടെ അരിയും ഗോതമ്പും സംഭരിച്ചിരിക്കുന്ന എഫ്.സി.ഐ ഗോഡൗണുകളിൽ അഗ്നിശമന സംവിധാനങ്ങളില്ല. കൊല്ലത്ത് കിളികൊല്ലൂരിലെ എഫ്.സി.ഐ ഗോഡൗണിൽ കഴിഞ്ഞ ദിവസം അരിച്ചാക്കുകൾക്ക് തീപിടിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് നടത്തിയ പരിശോധനയിലാണ് അഗ്നിശമന പ്രതിരോധ സംവിധാനങ്ങളുടെ പോരായ്മ വ്യക്തമായത്. ജില്ലയിൽ ചിന്നക്കടയിലെ മെയിൻ ഗോഡൗണിന് പുറമേ കിളികൊല്ലൂരിലും കരുനാഗപ്പള്ളിയിലുമാണ് എഫ്.സി.ഐയ്ക്ക് ഗോഡൗണുകളുള്ളത്. നാഷണൽ ബിൽഡിംഗ് കോഡ് ഒഫ് ഇന്ത്യ റൂളനുസരിച്ച് ഗോഡൗണുകളിൽ രണ്ട് ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂഗർഭ ജലസംഭരണിയും മിനിട്ടിൽ 2280 ലിറ്റർ വെള്ളം പമ്പ് ചെയ്യാൻ കഴിയുന്ന രണ്ട് മെയിൻ പമ്പുകളും മിനിട്ടിൽ 180 ലിറ്റർ വെള്ളം പമ്പ് ചെയ്യാൻ ശേഷിയുള്ള ഓട്ടോമാറ്റിക്ക് ജോക്കി പമ്പും വേണമെന്നാണ് ചട്ടം.
ഫയർഫൈറ്റിംഗ് സംവിധാനമില്ല ഗോഡൗണുകളിൽ തീപിടിത്തമുണ്ടായാൽ ഓട്ടോമാറ്റിക് പമ്പ് ഓണായി വാട്ടർ സ്പ്രിൻക്ളറിലൂടെ തീ പിടിത്തമുണ്ടായ സ്ഥലത്ത് വെള്ളം ചീറ്റണം. തീ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാൻ ഇത് സഹായകരമാകും. തീപിടിത്തം നിയന്ത്രിക്കാനാകാത്ത സ്ഥിതി വന്നാൽ വലിയ പമ്പുകൾ പ്രവർത്തിക്കുന്ന രീതിയിലാണ് ഗോഡൗണുകളിലെ അഗ്നി പ്രതിരോധ സംവിധാനം സജ്ജീകരിക്കേണ്ടത്. കൊല്ലത്തുൾപ്പെടെ സംസ്ഥാനത്തെ ഒരു എഫ്.സി.ഐ ഗോഡൗണുകളിലും ഫയർഫൈറ്റിംഗ് സംവിധാനമില്ല. പകരം പ്രാഥമിക അഗ്നിശമനാ ഉപകരണങ്ങളായ ഫയർ എക്സ്റ്റിൻഗുഷറുകൾ മാത്രമാണുള്ളത്.
നോട്ടീസ് നൽകി
കിളികൊല്ലൂരിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് അഗ്നിബാധയുണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗോഡൗണുകളിൽ അഗ്നിസുരക്ഷ ശക്തമാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഫയർഫോഴ്സ് മേധാവി ഫുഡ് കോർപ്പറേഷന് നോട്ടീസ് നൽകി.
അനുമതിയും ഫണ്ടുംവേണം
എഫ്.സി.ഐ ഗോഡൗണുകൾ കേന്ദ്ര നിയമപ്രകാരം നിർമ്മിച്ചവയാണ്. പ്രാഥമിക അഗ്നിശമന ഉപകരണങ്ങൾ ഗോഡൗണുകളിലും ലഭ്യമാക്കിയിട്ടുണ്ട്. ഫയർഫോഴ്സിന്റെ ശുപാർശകൾ നടപ്പാക്കണമെങ്കിൽ കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ അനുമതിയും അതിനാവശ്യമായ ഫണ്ടും ലഭ്യമാകണം. ഫയർഫോഴ്സ് ശുപാർശയുടെ അടിസ്ഥാനത്തിൽ ഇത് സംബന്ധിച്ച് മേലധികാരിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
റീജിയണൽ മാനേജർ, എഫ്.സി.ഐ, കൊല്ലം.