ചാത്തന്നൂർ: പാലുല്പാദനം വർദ്ധിപ്പിച്ചുകൊണ്ട് ആറുമാസത്തിനുള്ളിൽ കേരളം സ്വയം പര്യാപ്തതയിലെത്തുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. കല്ലുവാതുക്കൽ പഞ്ചായത്തിലെ അടുതല കൂരാപ്പള്ളി ആസ്ഥാനമാക്കി പുതുതായി ആരംഭിച്ച ക്ഷീരോല്പാദന സഹകരണ സംഘം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാർ അധികാരത്തിൽ വരുന്ന കാലഘട്ടത്തിൽ ക്ഷീര കർഷകർക്ക് കാലിത്തീറ്റയുടെ വില വർദ്ധനവും മറ്റും മൂലം മേഖലയിൽ നിന്ന് പിൻമാറേണ്ട അവസ്ഥയായിരുന്നു. എന്നാൽ ഇന്ന് നിരവധി പേർ ക്ഷീരമേഖലയിലേക്ക് കടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.
ജി.എസ് ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പാൽ സംഭരണ ഉദ്ഘാടനവും ആദ്യ വില്പനയും ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല നിർവഹിച്ചു. കാലിത്തൊഴുത്ത് നവീകരണ സഹായ വിതരണം കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സിന്ധുവും ക്ഷേമനിധി ചികിത്സാ സഹായം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. ജയപ്രകാശും നിർവഹിച്ചു.
ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ് ബി.എസ്. നിഷ, ഇത്തിക്കര ബ്ലോക്ക് ക്ഷീര വികസന ഓഫീസർ പ്രിൻസി ജോൺ, എ.കെ.യു.സി.എസ് ഭരണസമിതി അംഗം ബിജു ജോൺ തുടങ്ങിയവർ സംസാരിച്ചു. ചീഫ് പ്രൊമോട്ടർ കെ. ജോയിക്കുട്ടി സ്വാഗതവും ഓണററി സെക്രട്ടറി ഡി. എബ്രഹാം നന്ദിയും പറഞ്ഞു.