pic

കൊല്ലം: ജില്ലയിൽ കൊവിഡ് ചികിത്സയിലിരിക്കേ മൂന്ന് പേർ കൂടി മരിച്ചു. അഞ്ചൽ കോളേജ് ജംഗ്ഷൻ പേഴുവിള വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ അശ്വതി ഗോപിനാഥ് (26), റോഡുവിള ചെറിയ വെളിനെല്ലൂർ ആഷിദ് മൻസിലിൽ ആശ മുജീബ്(43), കൊല്ലം കൈക്കുളങ്ങര വെള്ളിക്കുന്ന് വടക്കതിൽ ക്രൈസ്റ്റ് വില്ലയിൽ ആന്റണി(70) എന്നിവരാണ് മരിച്ചത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് അശ്വതിയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമ്മ കൊവിഡ് ബാധിച്ച് ജില്ലാ ആശുപത്രിയിലാണ്. അശ്വതി കരൾ സംബന്ധമായ രോഗത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നേരത്തേ ചികിത്സയ്ക്ക് പോയിരുന്നു. അവിടെ നിന്ന് കൊവിഡ് ബാധിച്ചെന്നാണ് നിഗമനം. അശ്വതി ഒരു വർഷം മുൻപാണ് വിവാഹിതയായത്.

നേരത്തെ നടത്തിയ ശസ്ത്രക്രിയയുടെ തുടർ ചികിത്സയ്ക്കായി കഴിഞ്ഞമാസം 30ന് ആശ മുജീബിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ പുലർച്ചെ 2.30ന് ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു മരണം. മൃതദേഹം കൊവിഡ് മാനദണ്ഡപ്രകാരം മാങ്കോണം മുസ്ലിം ജമാഅത്തിൽ കബറടക്കി. ഭർത്താവ് മുജീബ്, മക്കൾ:അഷിദ്, ആലിയ.

ശ്വാസകോശ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്ന ആന്റണിയെ ശരീരം വിറയൽ അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞമാസം 20ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിൽ കഴിയവേ ശ്വാസംമുട്ടൽ കടുത്തതോടെ കൊവിഡ് പരിശോധന നടത്തി രോഗം സ്ഥിരീകരിച്ചു. ഉടൻ തന്നെ പാരിപ്പളളി മെഡി. കോളേജിലേക്ക് മാറ്റി. വെന്റിലേറ്ററിൽ കഴിയവേ ഇന്നലെ രാവിലെ 7.30 ഓടെ ഹൃദയാഘാതമുണ്ടായി. എട്ട് മണിയോടെയാണ് മരിച്ചത്.

ആന്റണിയുടെ മകൻ ജോർജ്ജ് സാമുവൽ, മരുമകൾ ആനി ജനിഫർ, കൊച്ചുമകൻ സാവിയോ എന്നിവർ കൊവിഡ് ബാധിച്ച് ആശ്രാമം ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ചികിത്സയിലാണ്. കൊവിഡ് ബാധിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഇളയമകൻ ബെൻസൺ ആന്റണി ഇന്നലെ രോഗമുക്തനായി. പരേതയായ എൽസി ആന്റണിയാണ് ഭാര്യ. മൂത്തമകൾ ലിറ്റിൽ ഫ്ലവറും മരുമകൻ ജോസഫ് വിൽസണും ചെന്നൈയിലാണ്. ആന്റണിയുടെ മൃതദേഹം മുളങ്കാടകം ശ്മശാനത്തിൽ കൊവിഡ്മാനദണ്ഡ പ്രകാരം സംസ്കരിച്ചു. വരും ദിവസങ്ങളിൽ വാടി പള്ളിയിൽ മതാചാര പ്രകാരമുള്ള ചടങ്ങുകൾ നടക്കും.