vijilal
പി.എൽ. വിജിലാൽ

കൊല്ലം: വാഹനാപകടങ്ങളിൽ നിരവധി ജീവനുകൾ പൊലിയുന്ന പശ്ചാത്തലത്തിൽ വാഹനാപകടങ്ങളിൽ മരണപ്പെട്ടവരെ കുറിച്ച് എക്സൈസ് ജീവനക്കാരനായ പി.എൽ. വിജിലാൽ എഴുതിയ അനുഭവക്കുറിപ്പുകളുടെ സമാഹാരം ഉടൻ പുറത്തിറങ്ങും. വാഹനാപകടങ്ങൾക്കെതിരെയുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണ് ഈ ബോധവത്കരണ പുസ്തകം. ' നിലവിളിക്കുന്ന രക്തം കാലത്തോട് പറയുന്നത്' എന്നാണ് പുസ്തകത്തിന്റെ പേര്. വാഹനാപകടങ്ങളിൽ ജീവൻ പൊലിഞ്ഞ ഭാര്യാ സഹോദരനെയും വിജി ലാലിന്റെ സുഹൃത്തുക്കളെയും കുറിച്ചുള്ള കുറിപ്പുകളാണ് പുസ്തകത്തിന്റെ ആദ്യപകുതിയിൽ. രണ്ടാം പകുതിയിൽ അപകടങ്ങളെ കുറിച്ചുള്ള ബോധവത്കരണമാണ്. മദ്യാസക്തിക്കെതിരെയുള്ള വിജിലാലിന്റെ "വിഷദ്രാവകം തുറക്കുന്ന നരക വാതിലുകൾ "എന്ന പുസ്തകം ഏറെ ചർച്ചയായിരുന്നു. ലഹരിക്കെതിരെ 2500ൽ അധികം ബോധവത്കണ ക്ലാസുകൾ വിജിലാൽ സംഘടിപ്പിച്ചിട്ടുണ്ട്. പ്രതിഫലം കൈപ്പറ്റാതെയാണ് ലഹരിവിരുദ്ധ പ്രവർത്തനം നടത്തുന്നത്. ഈ പ്രവർത്തനങ്ങളെ മുൻനിറുത്തി മദ്യവർജ്ജന സമിതിയുടേതടക്കമുള്ള നിരവധി പുരസ്കാരങ്ങളും വിജിലാലിന് ലഭിച്ചിട്ടുണ്ട്. "നിലവിളിക്കുന്ന രക്തം കാലത്തോട് പറയുന്നത് " എന്ന പുസ്തകത്തിന്റെ പ്രതിഫലമായി കിട്ടുന്ന മുഴുവൻ തുകയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനാണ് തീരുമാനം. പുസ്തകം ഈയാഴ്ച കൊല്ലത്ത് പ്രകാശനം ചെയ്യും.