photo
റോഡിന്റെ വശങ്ങളിൽ കിടക്കുന്ന തെരുവ് നായ്ക്കൾ

കരുനാഗപ്പള്ളി: അക്രമകാരികളായ തെരുവ് നായ്ക്കൾ നാട്ടുകാർക്ക് ഭീഷണിയാകുന്നു. കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ വരുന്ന ഉൾ പ്രദേശങ്ങളിലാണ് തെരുവ് നായ്ക്കളുടെ ശല്യം ഏറുന്നത്. കൂട്ടംകൂടി എത്തുന്ന തെരുവ് നായ്ക്കൾ പ്രഭാത സവാരിക്കാർക്കാണ് വിനയാകുന്നത്. രാത്രികാലങ്ങളിൽ ഗ്രാമീണ റോഡുകളുടെ വശങ്ങളിൽ നിക്ഷേപിക്കുന്ന ഇറച്ചിയുടെ അവശിഷ്ടങ്ങൾ ഭക്ഷിക്കാൻ എത്തുന്ന തെരുവ് നായ്ക്കളാണ് അക്രമണകാരികളായി മാറുന്നത്. രാത്രിയുടെ മറവിൽ എത്തുന്ന ഇവറ്റകൾ ഇറച്ചിയുടെ അവശിഷ്ടങ്ങൾ ഭക്ഷിച്ച് കൂട്ടത്തോടെയാണ് റോഡിന്റെ വശങ്ങളിൽ കിടക്കുന്നത്.

പ്രഭാതസവാരിക്കാർക്ക് ഭീഷണി

പുലർച്ചെ നടക്കാനിറങ്ങുന്നവരെയാണ് തെരുവുനായകൾ ആക്രമിക്കുന്നത് പതിവാണ്. ഇതോടെ പ്രഭാത സവാരി മിക്കവരും നിറുത്തി വെച്ചിരിക്കുകയാണ്.

എ.ബി.സി പദ്ധതി നടപ്പാക്കണം

തെരുവ് നായ്ക്കളെ കൊല്ലാൻ നിലവിവുള്ള നിയമം അനുവദിക്കുന്നില്ല. ഇവറ്റകളുടെ ഉല്പാദനം തടയുന്ന പദ്ധതിയാണ് കഴിഞ്ഞ കുറെ വർഷങ്ങളായി നടത്തുന്നത്. അനിമൽ ബർത്ത് കൺട്രോൾ പദ്ധതി പ്രകാരം ഇതിനാവശ്യമുള്ള ഫണ്ട് നഗരസഭ ബഡ് ജറ്റിൽ വകയിരുത്തും. മൃഗ സംരക്ഷണ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ വർഷം വരെ ഈ പദ്ധതി കരുനാഗപ്പള്ളി നഗരസഭയിൽ ഫലപ്രദമായി നടപ്പാക്കിയിരുന്നു. എന്നാൽ കൊവിഡ് നാട്ടിൽ പിടി മുറുക്കിയതോടെ പദ്ധതി പാളുകയായിരുന്നു. നഗരസഭ ബഡ്ജറ്റിൽ പണം അനുവദിച്ചെങ്കിലും പദ്ധതി നടപ്പാക്കാൻ മൃഗസംരക്ഷണ വകുപ്പിന് കഴിഞ്ഞില്ല. ഇതോടെ തെരുവ് നായ്ക്കൾ സർവസ്വതന്ത്രരായി വിഹരിക്കാൻ തുടങ്ങി. ഇന്ന് എവിടെ നോക്കിയാലും തെരുവ് നായ്ക്കളെ കൂട്ടത്തോടെ കാണാൻ കഴിയും. കൊവിഡിന്റെ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് കൊണ്ട് തെരുവ് തെരുവ് നായ്ക്കളിൽ എ.ബി.സി പദ്ധതി നടപ്പാക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കണമെന്ന ആവശ്യം നാട്ടിൽ ശക്തമാകുന്നു.