കൊല്ലം: തിരുവോണ ദിനത്തിൽ ഒന്നിച്ചിരുന്ന് മദ്യപിച്ചയാളെ കഴുത്തിൽ കയർ മുറുക്കിയും കത്തികൊണ്ട് അടിവയറ്റിന് കുത്തിയും കൊലപ്പെടുത്തി. തിരുവനന്തപുരം വെള്ളറട കുടപ്പനമൂട് കോവില്ലൂർ മേക്കേക്കര പുത്തൻവീട്ടിൽ ഉണ്ണിക്കൃഷ്ണനാണ് (50) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പത്തനാപുരം തലവൂർ പനമ്പറ്റ ലക്ഷംവീട് കോളനിയിൽ ജോസിനെ (പാണ്ടി ജോസ്-42) അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു.
വാളകം സ്വദേശിയായ കുഞ്ഞപ്പന്റെ വീട്ടിലാണ് കൊലപാതകം നടന്നത്. മൂന്ന് വർഷമായി കുഞ്ഞപ്പൻ ഒറ്റയ്ക്കാണ് താമസം. ഇടയ്ക്ക് ഉണ്ണിക്കൃഷ്ണനും ജോസും ഒപ്പം താമസിക്കും. പകൽ സമയങ്ങളിൽ മേസ്തിരിപ്പണിക്ക് പോവുകയും വൈകിട്ട് മുതൽ മദ്യപിക്കുന്നതുമാണ് ഇവരുടെ രീതി. തിരുവോണത്തിന് ഉച്ചയോടെ കുഞ്ഞപ്പനും ഉണ്ണിക്കൃഷ്ണനും ജോസും മറ്റ് മൂന്നുപേരും ചേർന്ന് മദ്യപിച്ചിരുന്നു. സന്ധ്യയോടെ ഉണ്ണിക്കൃഷ്ണനും ജോസും തമ്മിൽ വാക്കേറ്റമുണ്ടാവുകയും അടിപിടിയിൽ കലാശിക്കുകയും ചെയ്തു. ഈ സമയം പുറത്തുപോയിരുന്ന മറ്റുള്ളവർ തിരികെ എത്തിയപ്പോൾ ഉണ്ണിക്കൃഷ്ണനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജോസ് ഈ സമയം ഇവിടെ നിന്ന് രക്ഷപെട്ടിരുന്നു.
വിവരമറിഞ്ഞ് പഞ്ചായത്ത് അംഗവും പൊലീസും സ്ഥലത്തെത്തിയപ്പോൾ വീട്ടുടമ കുഞ്ഞപ്പൻ മദ്യലഹരിയിൽ അബോധാവസ്ഥയിലായിരുന്നു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഉണ്ണിക്കൃഷ്ണന്റെ മരണം സ്ഥിരീകരിച്ചു. തുടർന്ന് ജോസ് അടക്കം അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിൽ കൊലപാതകത്തിൽ ജോസിന് മാത്രമാണ് പങ്കെന്ന് വ്യക്തമായതോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കറിക്കത്തി കൊണ്ട് അടിവയറ്റിൽ കുത്തിയതും കഴുത്തിൽ കയറിട്ട് മുറുക്കിയതുമാണ് മരണകാരണമെന്നാണ് നിഗമനം. മൃതദേഹം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. അഞ്ചൽ സി.ഐ എൽ.അനിൽ കുമാർ, എസ്.ഐമാരായ സജീർ, ജോൺസൺ, അലക്സാണ്ടർ, മനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിരലടയാള വിദഗ്ദ്ധരും സയന്റിഫിക് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.