കൊല്ലം: തിരുവോണ നാളിലും മൂന്നാം ഓണമായ ഇന്നലെയും നഗരം ശാന്തമായിരുന്നു. എങ്ങും കാര്യമായ കൂട്ടംകൂടലുകളുണ്ടായില്ല. ദേശീയപാതയിലൊഴികെ മറ്റെങ്ങും കാര്യമായ ഗതാഗതക്കുരുക്കും ഉണ്ടായില്ല.
മുൻ വർഷങ്ങളിൽ തിരുവോണ നാളിൽ ഉച്ചയ്ക്ക് ശേഷം ജനങ്ങൾ കൂട്ടത്തോടെ ആഘോഷങ്ങൾക്കായി നഗരത്തിലേക്ക് എത്താറുള്ളതാണ്. കൊല്ലം ബീച്ച്, പാർക്കുകൾ, മുക്കം ബീച്ച്, തങ്കശേരി ലൈറ്റ് ഹൗസ് തുടങ്ങിയ വിനോദ കേന്ദ്രങ്ങളെല്ലാം ആൾക്കൂട്ടത്താൽ നിറയും. തിരുവോണ നാളിലും അവിട്ടത്തിലും ചതയദിനത്തിലും കൊല്ലം ബീച്ചിൽ സൂചികുത്താൻ പോലും ഇടമുണ്ടാകില്ല. നഗര ഗതഗാതം മണിക്കൂറുകളോളം കുരുങ്ങി മുറുകും. ബീച്ചിലേക്ക് നടന്നെത്തുക പോലും ഏറെ പ്രയാസമാണ്. പക്ഷെ ഇത്തവണ അതൊന്നുമുണ്ടായില്ല.
ഗതാഗത നിയന്ത്രണത്തിന് നഗരത്തിൽ നിയോഗിക്കപ്പെട്ടിരുന്ന പൊലീസുകാർക്ക് കാര്യമായ പണി ഉണ്ടായില്ല. കൊല്ലം മുണ്ടയ്ക്കൽ പാപനാശനത്ത് വയോധികനെ യുവാവ് മർദ്ദിച്ച് കൊലപ്പെടുത്തിയത് ഒഴിച്ചാൽ കാര്യമായ അക്രമസംഭവങ്ങളും ഉണ്ടായില്ല. സാധാരണ ഓണനാളുകളിൽ നഗരത്തിൽ നിരവധി അക്രമസംഭവങ്ങളാണ് വിവിധയിടങ്ങളിലായി നടക്കാറുള്ളത്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും തിരക്ക് കുറവായിരുന്നു.
കൊവിഡിനെതിരെ ജനം വീടുകളിൽ
മഹാപ്രളയങ്ങൾക്ക് ശേഷമെത്തിയ രണ്ട് ഓണവും നഗരം ഗംഭീരമായി ആഘോഷിച്ചതാണ്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ നഗരത്തിൽ കൊവിഡ് വ്യാപനം വൻതോതിൽ വർദ്ധിച്ചതിനാൽ ജനങ്ങൾ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് സ്വയം വീട്ടിലൊതുങ്ങുകയായിരുന്നു.
ഇന്നും നഗരമൊഴിയും
ഇന്നും കാര്യമായ ജനത്തിരക്ക് എങ്ങും ഉണ്ടാകാൻ സാദ്ധ്യതയില്ല. എങ്കിലും നിരീക്ഷണങ്ങളും നിയന്ത്രണങ്ങളും ശക്തമായി തുടരും. വരുംദിവസങ്ങളിൽ കൊവിഡുമായി ബന്ധപ്പെട്ട് നഗരത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനും സാദ്ധ്യതയുണ്ട്.