കൊല്ലം: ചവറ തേവലക്കരയിൽ പാചകത്തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി. തേവലക്കര അരിനല്ലൂർ വിളയിൽ തെക്കതിൽ രാജേന്ദ്രൻപിള്ളയാണ് (57) വെട്ടേറ്റ് മരിച്ചത്. തിരുവോണ ദിവസമായ തിങ്കഴാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അരിനല്ലൂർ വെളിച്ചപ്പാടത്ത് കിഴക്കതിൽ രവീന്ദ്രനെ (54) ചവറ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറുന്നതിങ്ങനെ. രവീന്ദ്രനും മറ്റ് രണ്ട് പേരുമായി തിങ്കളാഴ്ച രാവിലെ വാക്കേറ്റമുണ്ടായിരുന്നു. രാത്രിയിൽ ഇവരെ ഉപദ്രവിക്കാനായി വെട്ടുകത്തിയുമായി കാത്തിരുന്ന മരം കയറ്റത്തൊഴിലാളിയായ രവീന്ദ്രൻ തേവലക്കര ആറാട്ട് കുളത്തിനടുത്തുള്ള റോഡരികിലൂടെ നടന്ന് വരുകയായിരുന്ന രാജേന്ദ്രൻപിളളയുടെ കഴുത്തിൽ വെട്ടിയ ശേഷം രക്ഷപ്പെട്ടു. സ്ഥലത്ത് രക്തം വാർന്ന് കിടന്ന രാജേന്ദ്രൻപിള്ളയെ കണ്ട നാട്ടുകാർ പൊലീസിന്റെ സഹായത്തോടെ ജില്ലാ ആശുപത്രിയിലെത്തിച്ചങ്കിലും മരിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം സംശയകരമായ സാഹചര്യത്തിൽ വീടിന് സമീപത്ത് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്ത രവീന്ദ്രൻ സത്യം വെളിപ്പെടുത്തുകയായിരുന്നു. ആളുമാറി വെട്ടിയതെന്നാണ് രവീന്ദ്രൻ പറയുന്നത്. ശ്രീകുമാരിയാണ് മരിച്ച രാജേന്ദ്രൻ പിള്ളയുടെ ഭാര്യ. മക്കൾ: ശാരിക, ശരണ്യ. മരുമക്കൾ: ബിജു, കണ്ണൻ. മൃതദേഹം പാരിപ്പളളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.