സ്ത്രീയുടെ വായിലൂടെ അകത്ത് കടന്ന പാമ്പിനെ ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ പുറത്തെടുത്തു. നാലടിയോളം വലിപ്പമുള്ള പാമ്പിനെ വായിലൂടെ തന്നെ വലിച്ച് പുറത്തെടുക്കുന്ന ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായി.
റഷ്യയിലെ ഡജെസ്താനിലാണ് സംഭവം. ഇവിടെ ലെവാഷി ഗ്രാമവാസിയായ ഒരു സ്ത്രീയാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വൈദ്യസഹായം തേടിയെത്തിയത്. വീടിന് പുറത്ത് ഉറങ്ങുകയായിരുന്ന ഇവർക്ക് എഴുന്നേറ്റത് മുതൽ അസ്വസ്ഥതകൾ തുടങ്ങി. തുടർന്നാണ് അടിയന്തരമായി ആശുപത്രിയിലെത്തിച്ചത്. ഇവരുടെ ഉള്ളിൽ എന്തോ ഉണ്ടെന്ന് വ്യക്തമായതോടെ ഡോക്ടർമാർ ജനറൽ അനസ്തേഷ്യ നൽകി തൊണ്ട വഴി ഒരു ട്യൂബ് കയറ്റി ഉള്ളിലുള്ളത് വലിച്ചെടുത്തു. പുറത്തേക്കെടുത്ത സമയത്താണ് എന്താണ് അതെന്ന് കണ്ട് ഡോക്ടർമാരും ഞെട്ടിയത്. നാലടി നീളത്തിൽ വലിയ ഒരു പാമ്പായിരുന്നു അത്.
ചത്താണോ ജീവനോടെയാണോ പാമ്പിനെ പുറത്തെടുത്തതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. പാമ്പ് ആ സ്ത്രീയുടെ ഉള്ളിൽ എത്ര നേരം ഉണ്ടായിരുന്നു എന്ന കാര്യത്തിലും. പാമ്പിനെ പുറത്തെടുക്കുന്നതിന്റെയും അതിനെക്കണ്ട് ഞെട്ടിനിൽക്കുന്ന ഡോക്ടർമാരുടെയും ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റഷ്യയിലെ ഗ്രാമങ്ങളിൽ ഇത്തരം സംഭവങ്ങൾ പതിവാണെന്ന് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. വീടിന് പുറത്ത് ഉറങ്ങരുതെന്ന് ഗ്രാമവാസികൾക്ക് പലപ്പോഴും മുന്നറിയിപ്പുകൾ അധികൃതർ നൽകാറുണ്ടെന്നും പറയപ്പെടുന്നു.