സ്പെയിനിലെ ലാൻസറോട്ട് എന്ന ദ്വീപിൽ പോയാൽ ഒരു ഹോട്ടൽ ഉണ്ട്. പേര് 'എൽ ദിയബ്ലോ'. സ്പാനിഷ് ഭാഷയിൽ ചെകുത്താൻ എന്നാണ് അർത്ഥം. ഈ പേരിന് പിന്നിൽ ഒരു 'രഹസ്യ'മുണ്ട്. ഇവിടത്തെ ഭക്ഷണം പാകം ചെയ്യുന്നത് അഗ്നിപർവ്വതത്തിന്റെ മുകളിലാണ്. അതായത് ഇന്ധനം വേണ്ടെന്ന് സാരം. പ്രകൃതി തന്നെ സൗജന്യമായി പാചക വാതകം ലഭ്യമാക്കും.
അഗ്നിപർവ്വതത്തിന്റെ മുകളിൽ ഹോട്ടൽ പണിയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ആർക്കിടെക്റ്റുകളായ എഡ്വേർഡോ കാസെറസിനും ജീസസ് സോട്ടോയ്ക്കും അടിത്തറ പണിയാനായത് ഒമ്പത് പാളികൾ ബസാൾട്ട് പാറകൾ കൊണ്ടാണ്.
അടുക്കളയിൽ അടുപ്പിന്റെ ആറ് അടി താഴെ, 400 ഡിഗ്രി സെൽഷ്യസിലാണ് ലാവ കിടന്ന് തിളയ്ക്കുന്നത്. ഇറച്ചി പാകം ചെയ്യാൻ ഇതിലും നല്ല അടുപ്പില്ലെന്ന് ഹോട്ടൽ ഉടമകൾ സാക്ഷ്യപ്പെടുത്തുന്നു. ഇത് ആരോഗ്യത്തിന് നല്ലതാണോ എന്ന ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. സജീവമല്ലാത്ത ഈ അഗ്നിപർവ്വതം 1824 ലാണ് അവസാനമായി പൊട്ടിത്തെറിച്ചത്. അതുകൊണ്ട് ഉടനെ ഒന്നും ഹോട്ടൽ കത്തി പോകാൻ സാദ്ധ്യതയില്ല. ചുവന്ന മണലും അഗ്നിപർവ്വത പാറകളും നിറഞ്ഞ ടിമാൻഫയ നാഷണൽ പാർക്ക് കാണാവുന്ന രീതിയിലാണ് ഹോട്ടൽ പണിതിരിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ ദ്വീപിൽ 100 അഗ്നിപർവ്വതങ്ങൾ ഉണ്ടായപ്പോൾ “മൊണ്ടാനാസ് ഡെൽ ഫ്യൂഗോ” അഥവാ തീ പർവതനിരകൾ എന്ന പേരിലും പിന്നീട് ഈ പ്രദേശം അറിയപ്പെട്ടുതുടങ്ങി.