venjaramoodu-murder

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അൻസാർ, ഉണ്ണി എന്നിവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. കസ്റ്റഡിയിലായ ഇരുവരെയും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിന് പിന്നിൽ ഉന്നത രാഷ്ട്രീയ ഗൂഢാലോചനയുണ്ടായന്ന ആരോപണത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. കേസിൽ അറസ്റ്റിലായ പ്രതികളുടെ മൊബൈൽ ഫോണുകളിലേക്ക് സംഭവത്തിന് മുമ്പും പിമ്പുമുണ്ടായ ഫോൺ കോളുകളെല്ലാം സൈബർ പൊലീസ് സഹായത്തോടെ അന്വേഷണ സംഘം സസൂക്ഷ്മം പരിശോധിച്ച് വരികയാണ്. ഗൂഢാലോചനയിൽ കൂടുതൽപേർ പങ്കെടുത്തിട്ടുള്ളതായി കണ്ടെത്തിയാൽ അവരെയും പ്രതിപ്പട്ടികയിലുൾപ്പെടുത്തി അറസ്റ്റ് ചെയ്യുമെന്ന് റൂറൽ എസ്.പി ബി. അശോകൻ വെളിപ്പെടുത്തി.

കൊലയ്ക്കുള്ള ഗൂഢാലോചന നടന്നത് പുല്ലമ്പാറയിലെ ഫാം ഹൗസിലാണെന്നാണ് ഇപ്പോൾ വ്യക്തമായിട്ടുള്ളത്. ഒന്നാം പ്രതി സജീവും രണ്ടാം പ്രതി അൻസാറും മൂന്ന് മുതൽ ആറ് വരെയുള്ള പ്രതികളും ഗൂഢാലോചനയുടെ ഭാഗമായെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇവരെ കൂടാതെ രാഷ്ട്രീയ നേതാക്കളോ ജനപ്രതിനിധികളോ കൊലപാതക ഗൂഢാലോചനയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെയും കേസിലുൾപ്പെടുത്താനാണ് നീക്കം. മൊബൈൽ ഫോൺ കോളുകൾ പരിശോധിച്ചശേഷം പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ഫോൺ വിളിയുടെ ഉദ്ദേശം മനസിലാക്കിയശേഷമാകും പാർട്ടിനേതാക്കളെയും ജനപ്രതിനിധികളെയും ചോദ്യം ചെയ്യാനായി വിളിപ്പിക്കുക.

കേസിൽ ഇന്നലെ പിടിയിലായ മുഖ്യപ്രതി സജീവ്, സനൽ, ഇവരെ ഒളിവിൽ താമസിപ്പിച്ച മതപുരം സ്വദേശി പ്രീജ എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഓൺലൈൻ വീഡിയോ വഴിയാകും ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുക. സംഭവത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്ത പ്രതികളായ അജിത്ത്, ഷജിത്ത്, സതിമോൻ, നജീബ് എന്നിവരെ ഇന്നലെ റിമാന്റ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ കൊലപാതകം നടന്നത്. ഡി.വൈ.എഫ്‌.ഐ പ്രവർത്തകരായ വെമ്പായം സ്വദേശി മിഥിലാജ് (30) കലിങ്കുംമുഖം സ്വദേശി ഹഖ് മുഹമ്മദ് (24) എന്നിവരാണ് കൊല്ലപ്പെട്ടത്. നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണ് ഹഖ് മുഹമ്മദിന്റെയും, മിഥിലാജിന്റെയും മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മുഖത്തും തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളുണ്ട്.

പ്രതികൾക്ക് കൊല്ലപ്പെട്ട മിഥിലാജിനോടും ഹഖ് മുഹമ്മദിനോടും കടുത്ത രാഷ്ട്രീയ വൈരാഗ്യമുണ്ടായിരുന്നുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയതോടെ സംഭവം

രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചുകഴിഞ്ഞു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, ഐ.എൻ.ടി.യു.സി പ്രവർത്തകരാണ് പ്രതികളിലേറെയും. പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശമാണ് സംഘർഷങ്ങളുടെ തുടക്കം. കൊട്ടിക്കലാശത്തിനിടെ പ്രതികളും കൊല്ലപ്പെട്ടവരും തമ്മിൽ തേമ്പാമൂട്ടിൽ വാക്ക് തർക്കമുണ്ടായിരുന്നു. ഇവിടെ തുടങ്ങിയ വൈരാഗ്യം തുടർ സംഘട്ടനങ്ങൾക്ക് കാരണമായി.

ഇക്കഴിഞ്ഞ ഏപ്രിൽ നാലിന് ഡി.വൈ.എഫ്‌.ഐ പ്രവർത്തകൻ ഷഹിനെ, കൊലപാതക കേസിലെ പ്രതികളായ സജീവ്, അജിത്ത്, ഷജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ആക്രമിച്ചു. മെയ് 25ന് ഡി.വൈ.എഫ്‌.ഐ നേതാവ് ഫൈസലിന് നേരെ വധശ്രമമുണ്ടായി.കാറിൽ വന്ന ഫൈസലിനെ തടഞ്ഞ് നിർത്തി വധിക്കാൻ ശ്രമിച്ചത് ഒരു ട്രയലായിരുന്നുവെന്നും ഇതേ പ്രതികൾ തന്നെയാണ് ഇരട്ടക്കൊലപാതകത്തിലുമുൾപ്പെട്ടതെന്നും ഈ കേസിൽ ജയിലിലായത് വൈരാഗ്യം വർദ്ധിപ്പിച്ചതായും റിമാൻഡ് റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു.