kottarakara

കൊല്ലം: ഗുരുവായൂർ മാതൃകയിൽ കൊട്ടാരക്കരയും ക്ഷേത്ര നഗരിയാകുന്നു. ഗണപതി ക്ഷേത്ര നഗരിക്കായി 90 കോടി രൂപയുടെ വികസന പദ്ധതി തയ്യാറായി. ആദ്യഘട്ടത്തിൽ പത്ത് കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കും. സമഗ്ര വികസന പദ്ധതിക്കാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനമെടുത്തിട്ടുള്ളത്. കൊല്ലം-തിരുമംഗലം ദേശീയപാതയരികിൽ പ്രവേശന കവാടമൊരുക്കുന്നതാണ് ക്ഷേത്രത്തിന്റെ മുഖശ്രീതെളിക്കുന്ന പ്രധാന പദ്ധതി. മണികണ്ഠൻ ആൽത്തറയിൽ നിന്ന് ക്ഷേത്രക്കുളത്തിന്റെ അരികിൽക്കൂടിയാകും ഈ പുതിയ പ്രവേശന കവാടം. വിശാലമായ കുളത്തിന്റെ സൗന്ദര്യ വത്കരണം, ജലശുദ്ധീകരണശാല, ഓഫീസ്, ഷോപ്പിംഗ് കോംപ്ളക്സ്, ശ്രീകോവിൽ നവീകരണം, വാഹന പാർക്കിംഗ് സൗകര്യം, മാലിന്യ സംസ്കരണ യൂണിറ്റ് തുടങ്ങി ദീർഘവീക്ഷണത്തോടെയുള്ള വികസന പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. 11 നിലകളുള്ള കെട്ടിട സമുച്ചയമാണ് ഓഫീസ് കോംപ്ളക്സ്. സമീപത്തെ പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രം, പനയ്ക്കൽകാവ് ക്ഷേത്രം എന്നിവയുടെ വികസനവും 90 കോടി രൂപയുടെ മാസ്റ്റർ പ്ളാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതിയുടെ അനുമതിയോടുകൂടിയാണ് പദ്ധതികൾ നടപ്പാക്കുന്നത്.

ഭക്തർക്ക് താമസസൗകര്യം

ദൂരദേശങ്ങളിൽ നിന്ന് ഗണപതി ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് താമസിക്കാൻ നിലവിൽ സംവിധാനങ്ങളില്ല. സ്വകാര്യ ഹോട്ടലുകളെയും മറ്റും ആശ്രയിക്കേണ്ട സ്ഥിതിയാണ്. എന്നാൽ പുതിയ പദ്ധതി പ്രകാരം ഭക്തർക്ക് താമസിക്കാൻ സൗകര്യമൊരുങ്ങും. നിർമ്മാല്യ ദർശനത്തിന് സൗകര്യമുണ്ടാകുംവിധമാണ് ഇവയുടെ ക്രമീകരണം.

ക്ഷേത്രക്കുളം മനോഹരമാക്കും

ഗണപതി ക്ഷേത്രത്തിന്റെ ഐശ്വര്യമാണ് മുന്നിലായുള്ള വിശാലമായ ക്ഷേത്രക്കുളം. കഴിഞ്ഞ ഇടത് സർക്കാരിന്റെ കാലത്ത് 55 ലക്ഷം രൂപ ചെലവിട്ട് ടൂറിസം വകുപ്പ് ക്ഷേത്രക്കുളം നവീകരിച്ചിരുന്നു. കുളം വൃത്തിയാക്കി കൈവരികൾ സ്ഥാപിച്ച് പടികളും നടപ്പാതകളും ഒരുക്കിയതാണ്. ഭക്തജനങ്ങൾക്ക് ഉൾപ്പടെ കുളത്തിന്റെ ചുറ്റും നടക്കാനും വിശ്രമിക്കാനും സൗകര്യമൊരുക്കാനാണ് പദ്ധതി ലക്ഷ്യമിട്ടത്. എന്നാൽ ടൂറിസം വകുപ്പ് ഏറ്റെടുത്ത് നടത്തിയ പ്രവർത്തനങ്ങൾ പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും പൊതുജനങ്ങൾക്ക് ഇവിടേക്ക് പ്രവേശനം ഉണ്ടായില്ല. കുളത്തിന്റെ പരിസരം അടഞ്ഞുതന്നെ കിടക്കുകയാണ്. കുളത്തിലെ മത്സ്യങ്ങൾ ചത്തുപൊങ്ങിയപ്പോൾ വൃത്തിയാക്കാൻ 15 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ക്ഷേത്രത്തിന്റെ തലക്കുളം ഉൾപ്പടെ വൃത്തിയാക്കുകയും കുളത്തിലേക്കും പുറത്തേക്കുമുള്ള നീരൊഴുക്ക് പുനസ്ഥാപിക്കുകയും ചെയ്താൽ മാത്രമേ ജലത്തിൽ വായു സഞ്ചാരം സുഗമമാവുകയുള്ളൂ. ഇത് മത്സ്യങ്ങളുടെ നിലനിൽപ്പിന് ഗുണം ചെയ്യും. നവീകരണ പദ്ധതികൾ പൊതുവെ സ്വാഗതം ചെയ്യുമ്പോഴും ഫലപ്രദമായ ഇടപെടീൽ വേണമെന്നാണ് ആവശ്യം.

തമ്പുരാൻ മ്യൂസിയം കുടിയിറക്ക് ഭീഷണിയിൽ

കൊട്ടാരക്കര തമ്പുരാന്റെ പേരിൽ ക്ഷേത്രത്തിന് സമീപത്തായി പ്രവർത്തിക്കുന്ന തമ്പുരാൻ സ്മാരക കഥകളി മ്യൂസിയം ഇപ്പോഴും കുടിയിറക്ക് ഭീഷണിയിലാണ്. ക്ഷേത്രത്തിലെത്തുന്നവർക്ക് കഥകളിയെപ്പറ്റി കൂടുതൽ അറിയാൻ ഉപകരിക്കുന്നതാണ് മ്യൂസിയം. കൊട്ടാരത്തിലാണ് മ്യൂസിയം പ്രവർത്തിക്കുന്നത്. ഇവിടെ നിന്ന് മാറ്റിസ്ഥാപിക്കണന്ന ആവശ്യവുമായി ഒരു വിഭാഗം നിലയുറപ്പിക്കുന്നതാണ് പ്രധാന പ്രശ്നം.