attack

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തെ തുടർന്ന് കോൺഗ്രസും സി.പി.എമ്മും തമ്മിൽ വാക് തർക്കം തുടരുന്നതിനിടെ പലയിടത്തും കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം. കണ്ണൂരിൽ സി.പി.എം നിയന്ത്രണത്തിലുള്ള വായനശാലയ്ക്കു നേരെയും ആക്രമണമുണ്ടായി.

തലസ്ഥാനത്ത് മുട്ടത്തറയിൽ കെ.പി.സി.സി അം​ഗത്തിന്റെ വീട് ബൈക്കിലെത്തിയ സംഘം ആക്രമിച്ചു. വീടിന്റെ ജനാലകൾ അടിച്ചു തകർത്തു. യൂത്ത് കോൺ​ഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ലീനയുടെ വീടിന് നേരെയാണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ആക്രമണം നടന്നത്. ആക്രമണത്തിൽ ലീനക്കും മകനും പരിക്കേറ്റു. ശംഖുംമുഖം അസി.കമ്മിഷണറുടെ നേതൃത്വത്തിൽ പൊലീസെത്തി അന്വേഷണം ആരംഭിച്ചു. അക്രമികളെ കണ്ടെത്താൻ സി.സി ടി.വി കാമറ ദൃശ്യങ്ങളുൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ഉടൻ കണ്ടെത്തുമെന്നും അസി.കമ്മിഷണർ പറഞ്ഞു.

കൊല്ലം തഴവ പാവുമ്പയിലും കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണമുണ്ടായി. പാവുമ്പ ക്ഷേത്രത്തിന് സമീപത്തുള്ള ഓഫീസിന്റെ ജനാല ചില്ലുകളും ഓഫീസ് ഉപകരണങ്ങളും ബൈക്കിലെത്തിയ അക്രമികൾ തകർത്തു. ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു ആക്രമണം. ആക്രമണം നടക്കുമ്പോൾ ഓഫീസിൽ ആരും ഉണ്ടായിരുന്നില്ല. കോൺഗ്രസ് ഓഫീസിനോട് ചേർന്ന് അടഞ്ഞുകിടന്ന ഖാദി ഉത്പന്ന വിൽപനശാലയ്ക്ക് നേരെയും ആക്രമണമുണ്ടായി.വിവരമറിഞ്ഞ് കരുനാഗപ്പള്ളി അസി. കമ്മിഷണർ ഗോപകുമാറിന്റെ നേതൃത്വത്തിൽ പൊലീസെത്തി സ്ഥലത്ത് കാവലേർപ്പെടുത്തി. ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ ഏതാനും പേർ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. എന്നാൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കരുനാഗപ്പള്ളി സി.ഐ മഞ്ജുലാലിന്റെ നേതൃത്വത്തിൽ പ്രതികൾക്കായി അന്വേഷണം ശക്തമാക്കി.

കണ്ണൂരിൽ സി.പി.എം നിയന്ത്രണത്തിലുള്ള വായനശാലയ്ക്കു നേരെ അർദ്ധരാത്രിയോടെയാണ് ആക്രമണമുണ്ടായത്. തലശേരിയിലെ ചോനാടം അഴീക്കോടൻ സ്‌മാരക വായനശാലയ്ക്ക് നേരെ അക്രമികൾ ബോംബ് എറിയുകയായിരുന്നു. അടിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് കെ.സുധാകരന്റെ പ്രസംഗത്തിന് പിന്നാലെയാണ് ആക്രമണം നടന്നത്. രണ്ട് ദിവസമായി കണ്ണൂരിൽ അക്രമങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പത്തോളം കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം നടന്നിരുന്നു.