missing

തിരുവനന്തപുരം: മാൻമിസിംഗ് കേസുകളിൽ അലംഭാവം കാട്ടാതെ അന്വേഷണം നടത്തണമെന്ന് പൊലീസ് മേധാവി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സംസ്ഥാനത്ത് കഴിഞ്ഞ ഒരുവർഷത്തിനിടെ കാണാതായ 796 പേർ എവിടെയെന്ന് ഇതുവരെ കണ്ടെത്താനായില്ല. ജർമ്മനിയിൽ നിന്ന് കേരളത്തിലെത്തിയ വിദേശവനിതയും പത്തനംതിട്ടയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ ജസ്നയും തിരുവനന്തപുരത്ത് ധനകാര്യസ്ഥാപന ജീവനക്കാരനായ ആര്യനാട് സ്വദേശി മോഹനനും ഈ പട്ടികയിലെ ഏതാനും ചിലർ മാത്രം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച ഈ മൂന്നുകേസുകളിലും യാതൊരു തുമ്പുമില്ല. കൂടാതെ പലപ്പോഴായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കാണാതായ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള നൂറുകണക്കിനാളുകൾക്ക് എന്തുസംഭവിച്ചുവെന്ന ചോദ്യം ഇനിയും ഉത്തരമില്ലാതെ അവശേഷിക്കുകയാണ്. ഐസിസ് പോലുള്ള തീവ്രവാദ സംഘടനകളിൽ ആകൃഷ്ടരായി നാടുവിട്ട പലരെയും പറ്റിയുള്ള വിവരങ്ങൾ വൈകിയെങ്കിലും പുറത്ത് വന്നുകൊണ്ടിരിക്കെ സംസ്ഥാനത്തെ എണ്ണൂറോളം പേരുടെ തിരോധാനം നിസാരമായി തള്ളിക്കളയാവുന്നതല്ല.

കാണാതാവുന്ന പെൺകുട്ടികളിലും വീട്ടമ്മമാരിലും അധികവും പ്രണയത്തിൽ കുടുങ്ങി വീട് വിട്ടുപോകുന്നവരാണെന്ന് പൊലീസ് പറയുന്നു. അച്ഛനമ്മമാരോട് പിണങ്ങിയും കൂട്ടുകാർക്കൊപ്പവും നാടുവിടുന്ന കുട്ടികളുമുണ്ട്. ശിഥിലമായ കുടുംബാന്തരീക്ഷവും മോശപ്പെട്ട ജീവിത സാഹചര്യങ്ങൾമൂലവും മനോദൗർബല്യങ്ങളാലും വീടുവിടുന്നവരും കാണാതായവരുടെ പട്ടികയിലുണ്ട്.

13,​116 കേസുകൾ

ആളുകളെ കാണാതാകുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കഴിഞ്ഞ വർഷം 13,​116 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഏറ്റവും കൂടുതൽ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും കാണാതായത് തിരുവനന്തപുരം റൂറൽ പരിധിയിലാണ്. ഇവരിൽ 196 പുരുഷന്മാരെയും 774 സ്ത്രീകളെയും 193 കുട്ടികളെയും പിന്നീട് കണ്ടെത്തി. തിരുവനന്തപുരം സിറ്റി പരിധിയിൽ 142 പുരുഷന്മാരെയും 393 സ്ത്രീകളെയും 109 കുട്ടികളെയുമാണ് കാണാതായത്. ഇവരിൽ 110 പുരുഷന്മാരെയും 375 സ്ത്രീകളെയും 92കുട്ടികളെയും പിന്നീട് കണ്ടെത്തി. ഏറ്റവും കുറവ് പുരുഷന്മാരെയും (75) സ്ത്രീകളെയും (123) കാണാതായത് വയനാട് ജില്ലയിലാണ്. ഇവരിൽ 60 പുരുഷന്മാരെയും 111 സ്ത്രീകളെയും കണ്ടെത്തി. കൊച്ചി സിറ്റി പൊലീസ് പരിധിയിലാണ് കുട്ടികളെ കാണാതായ കേസുകൾ ഏറ്റവും കുറവ്. കാണാതായ 24പേരിൽ 19 പേരെയും കണ്ടെത്തി.

കാണാതായവർ (കഴിഞ്ഞ വർഷം)
ആകെ: 13,​295 പേർ
പുരുഷന്മാർ: 3,332
സ്ത്രീകൾ: 7,831
കുട്ടികൾ: 2,​042

കണ്ടെത്തിയത്
ആകെ: 12,​499 പേർ

പുരുഷന്മാർ: 2,627

സ്ത്രീകൾ: 7,401

കുട്ടികൾ: 1,884

ജില്ല തിരിച്ച്

(കാണാതായവർ, കണ്ടെത്തിയവരുടെ എണ്ണം ബ്രാക്കറ്റിൽ)

തിരുവനന്തപുരം സിറ്റി - 643 (624)
തിരുവനന്തപുരം റൂറൽ - 1271 (1154)
കൊല്ലം സിറ്റി - 802 (763)
കൊല്ലം റൂറൽ - 836 (796)
പത്തനംതിട്ട - 749 (743)
ആലപ്പുഴ - 965 (951)
ഇടുക്കി - 543 (487)
കോട്ടയം - 791 (759)
കൊച്ചി സിറ്റി - 539 (502)
എറണാകുളം റൂറൽ - 816 (742)
തൃശൂർ സിറ്റി- 773 (740)
തൃശൂർ റൂറൽ - 714 (687)
പാലക്കാട് - 865 (836)
മലപ്പുറം - 693 (616)
കോഴിക്കോട് സിറ്റി - 423 (392)
കോഴിക്കോട് റൂറൽ - 682 (642)
വയനാട് - 272 (232)
കണ്ണൂർ- 594 (491)
കാസർകോട്- 324 (292)

''

സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളെയും ബന്ധപ്പെടുത്തി പോർട്ടൽ സംവിധാനം വഴിയും അല്ലാതെയും കാണാതായവർക്കുള്ള തെരച്ചിൽ തുടർന്നുവരികയാണ്. പ്രണയത്തെതുടർന്ന് ഒളിച്ചോടുന്ന കുട്ടികളും സ്ത്രീകളുമാണ് കാണാതാവുന്നവരിൽ കൂടുതൽ. ഇവരെ കണ്ടെത്താൻ കഴിയുന്നുണ്ട്. വർ‌ഷങ്ങളായിട്ടും സൂചനയില്ലാത്ത ചില കേസുകളിൽ ഇപ്പോഴും അന്വേഷണം തുടർന്നുവരികയാണ്.

- നോഡൽ ഓഫീസർ, മാൻമിസിംഗ് ട്രേസിംഗ് യൂണിറ്ര്