siyad

തിരുവനന്തപുരം: ലോക്ക് ഡൗണിനും കൊവി‌ഡ് നിയന്ത്രണങ്ങൾക്കുമിടെ സംസ്ഥാനത്ത് ഗണ്യമായി കുറഞ്ഞിരുന്ന കൊലപാതകങ്ങളുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ നിരക്ക് വീണ്ടും ഉയർന്നു. മദ്യലഹരിയിലും കുടുംബ പ്രശ്നങ്ങളിലും ഒമ്പതുവയസുകാരനുൾപ്പെടെ അരഡസനോളം പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ പലസ്ഥലങ്ങളിലായി അരുംകൊലയ്ക്ക് ഇരയായത്. ഇതുകൂടാതെ തിരുവനന്തപുരം വെഞ്ഞാറുമൂട്ടിൽ കഴിഞ്ഞ ദിവസമുണ്ടായ രാഷ്ട്രീയ കൊലപാതകത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ രണ്ടുപേരുടെ ജീവൻ പൊലിഞ്ഞിരുന്നു. ഇത് വലിയ രാഷ്ട്രീയ വിവാദമായി കേരളത്തിൽ ഉയരുകയും ചെയ്തു. കായംകുളത്തും സി.പി.എം പ്രവർത്തകൻ കൊല ചെയ്യപ്പെട്ടിരുന്നു.

കഞ്ചാവ് വിൽപ്പനയെ എതിർത്തു, കുത്തിക്കൊലപ്പെടുത്തി

കായംകുളത്ത് കഞ്ചാവ് വിൽപ്പനയെ എതിർത്തതാണ് സി.പി.എം പ്രവർത്തകനായ വൈദ്യൻവീട്ടിൽ തറയിൽ സിയാദിന്റെ (35) അരുംകൊലയ്ക്ക് കാരണമായത്. കേസിലെ ഒന്നാം പ്രതിയും കഞ്ചാവ് വിൽപ്പനക്കാരനുമായ എരുവ സക്കീന മൻസിലിൽ വെറ്റ മുജീബിന് (39) സിയാദിനോടുള്ള വിദ്വേഷമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് വെളിപ്പെടുത്തി. കേസിലെ രണ്ടാം പ്രതി എരുവ സ്വദേശി വിളക്ക് ഷഫീഖ് (26), സിയാദിന്റെ സുഹൃത്ത് റജീഷിനെ (34) അക്രമിച്ച എരുവ ചെറുകാവിൽ വിഠോബ ഫൈസൽ (32), കോൺഗ്രസ് നഗരസഭാ കൗൺസിലർ കാവിൽ നിസാം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആഗസ്റ്റ് 18ന് രാത്രി പത്തോടെ എം.എസ്.എം സ്കൂളിന് സമീപത്തായിരുന്നു സംഭവം. സിയാദിനെ ക്വട്ടേഷൻ സംഘാംഗമായ വെറ്റ മുജീബ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. താനും സംഘവും സ്കൂൾകുട്ടികൾക്ക് കഞ്ചാവ് വിൽക്കുന്നതിനെയും ഗുണ്ടാപ്പിരിവിനെയും സിയാദും സുഹൃത്തുക്കളും എതിർത്തിരുന്നുവെന്ന് മുജീബ് പൊലീസിന് മൊഴിനൽകി.

തിരുവല്ലയിൽ വില്ലത്തിയായത് വീട്ടമ്മ

കുടുംബപ്രശ്നങ്ങളെ തുടർന്ന് പെട്ടെന്നുണ്ടായ പ്രകോപനമാണ് തിരുവല്ലയിൽ ഗൃഹനാഥനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ വീട്ടമ്മയെ പ്രേരിപ്പിച്ചത്. തിരുവല്ല വള്ളംകുളം സ്വദേശി സോമനാണ് (65) മരിച്ചത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 24നാണ് വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്ന സോമന് മേൽ ഭാര്യ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. തീപ്പൊള്ളലേറ്റ സോമൻ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ സോമന്റെ ഭാര്യ രാധാമണിയെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു.

മകനെ കൊന്നശേഷം അച്ഛൻ ജീവനൊടുക്കി

തിരുവനന്തപുരം മാറനല്ലൂരിലും കുടുംബ പ്രശ്നങ്ങളാണ് വില്ലനായത്. വ്യവസായ വകുപ്പ് ജീവനക്കാരൻ ഒമ്പത് വയസുകാരനായ മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. വികാസ്ഭവനിലെ വ്യവസായ വകുപ്പിൽ ലാസ്റ്റ്ഗ്രേഡ് ജീവനക്കാരനായ സലീമാണ് കണ്ടല സ്കൂളിലെ വിദ്യാർത്ഥിയായ ആഷ്ലിനെ കൊലപ്പെടുത്തിയശേഷം ആത്മഹത്യചെയ്തത്. ആഷ്ലിനെ കിടപ്പ് മുറിയിലെ കട്ടിലിലും സലീമിനെ അടുക്കളക്ക് സമീപം തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. 3 വിവാഹങ്ങൾ കഴിച്ച സലീമിന്റെ ആദ്യ ബന്ധത്തിലെ മകനാണ് ആഷ്ലിൻ. രണ്ടാം വിവാഹത്തിലെ ഭാര്യയുമായി പിണങ്ങിയ സലീം രണ്ടാഴ്ച മുമ്പ് വിവാഹം കഴിച്ച യുവതിയും പിണങ്ങിപ്പോയതിനെ തുടർന്നുള്ള നിരാശയും മാനസിക പ്രശ്നങ്ങളുമാണ് ഇയാളെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

siyad

വില്ലനായി മദ്യം

 ഓണനാളുകളിൽ കൊല്ലം ജില്ലയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ മൂന്ന് കൊലപാതകങ്ങളിലും മദ്യമായിരുന്നു വില്ലൻ. തേവലക്കരയിൽ അരിനല്ലൂർ വിളയിൽതെക്കതിൽ രാജേന്ദ്രൻപിള്ളയെ (57) ആളുമാറിയാണ് അരിനല്ലൂർ വെളിച്ചപ്പാടത്ത്‌ കിഴക്കതിൽ രവീന്ദ്രൻ (54)വെട്ടിക്കൊലപ്പെടുത്തിയത്‌. തിരുവോണദിവസം രാത്രി ഏഴിന് തേവലക്കര ആറാട്ടുകുളത്തിനു കിഴക്ക് റോഡരികിലുള്ള തെങ്ങിൻ ചുവട്ടിലാണ് മൃതദേഹം കണ്ടത്. കുടിപ്പകയുള്ള ആളെന്ന് കരുതി മരംകയറ്റ തൊഴിലാളിയായ രവീന്ദ്രൻ മദ്യലഹരിയിൽ പതിയിരുന്ന് നടത്തിയ ആക്രമണത്തിൽ കഴുത്തിന് വെട്ടേറ്റാണ് പാചകസംഘത്തിലും ക്ഷേത്രത്തിലും സഹായിയായി ജോലിചെയ്യുന്ന രാജേന്ദ്രൻപിള്ള കൊല്ലപ്പെട്ടത്.

 വാളകം വാലിക്കോട്ട് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിലാണ് വെള്ളറട മേലേക്കര പുത്തൻവീട്ടിൽ ഉണ്ണിക്കൃഷ്ണൻ (52)കൊല്ലപ്പെട്ടത്. സുഹൃത്ത്‌ പത്തനാപുരം തലവൂർ ലക്ഷംവീട്ടിൽ ജോസാണ് (40) ഇയാളെ കൊലപ്പെടുത്തിയത്‌. ഉണ്ണിക്കൃഷ്ണനും ജോസും വാളകം സ്വദേശി കുഞ്ഞപ്പന്റെ വീട്ടിൽ ഒരുമിച്ച്‌ താമസിച്ചുവരികയായിരുന്നു. മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാകുകയും ഉണ്ണിക്കൃഷ്ണന്റെ നെഞ്ചിൽ ജോസ്‌ കത്തി ഉപയോഗിച്ച്‌ കുത്തുകയുമായിരുന്നു. കഴുത്തിൽ കയർ കുരുക്കിയും ഇയാൾ മരണം ഉറപ്പാക്കി.


 മുണ്ടയ്ക്കലിൽ വീടിന് മുന്നിൽ ബൈക്ക് നിർത്തിയത് ചോദ്യം ചെയ്ത ഗൃഹനാഥനാണ് മദ്യലഹരിയിലായിരുന്ന യുവാവിന്റെ ക്രൂരതയ്ക്കിരയായത്. മുണ്ടയ്ക്കൽ വെസ്റ്റ് ഉദയമാർത്താണ്ഡപുരം തിരുവാതിര നഗർ –64 പുതുവൽ പുരയിടത്തിൽ ശിവപ്രസാദാണ് (60) കൊല്ലപ്പെട്ടത്. തിരുവാതിര നഗർ –81 പുതുവൽ പുരയിടത്തിൽ നിക്‌സണാണ് (20) കേസിലെ പ്രതി. തിരുവോണ ദിവസം രാത്രി ഏഴിന് നിക്‌സൺ അമിതവേഗത്തിൽ ബൈക്ക് ഓടിച്ചുവന്ന് ശിവപ്രസാദിന്റെ വീടിന്റെ മുന്നിൽ നിർത്തി. ഇത് ചോദ്യംചെയ്ത ശിവപ്രസാദിനെ പ്രതി അസഭ്യം വിളിക്കുകയും അടിച്ചുവീഴ്ത്തി കൊലപ്പെടുത്തുകയുമായിരുന്നു.

''

മദ്യവും മാനസിക സമ്മ‌ർദ്ദവും കുടിപ്പകയുമുൾപ്പെടെ പലവിധ കാരണങ്ങളാണ് കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെയുണ്ടായ കുറ്റകൃത്യങ്ങൾക്ക് കാരണം. കൊവിഡ് കാരണം ജനമൈത്രി ഭവന സന്ദർശനങ്ങളും മറ്റും ഇപ്പോൾ ഫലപ്രദമായി നടക്കാനാകാത്ത സാഹചര്യമുണ്ട്. പൊലീസ് പട്രോളിംഗ് ശക്തമാക്കിയും കുടുംബപ്രശ്നങ്ങളാലും അല്ലാതെയും മാനസിക സമ്മർദ്ദം നേരിടുന്നവ‌ർക്ക് കൗൺസലിംഗ് ഉൾപ്പെടെയുളള സേവനങ്ങൾ ലഭ്യമാക്കിയും കുറ്റകൃത്യങ്ങളുടെ തോത് കുറയ്ക്കാനാവശ്യമായ നടപടി കൈക്കൊള്ളും.

- സഞ്ജയ്കുമാർ ഗരുഡിൻ, ഡി.ഐ.ജി, തിരുവനന്തപുരം