കൊല്ലം: പൊലീസ് ഒത്താശയോടെ സി.പി.എം ജില്ലയാകെ കണ്ണൂർ മോഡൽ ഗുണ്ടായിസം അഴിച്ചുവിടുകയാണെന്നും ജനങ്ങളുടെ സഹകരണത്തോടെ കോൺഗ്രസ് ഇതിനെതിരെ പ്രതികരിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പത്രസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരത്തേത് രാഷ്ട്രീയ കൊലപാതകമല്ലെങ്കിലും സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രതിസന്ധികൾ മറികടക്കാൻ അക്രമം അഴിച്ചുവിടുകയാണ്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസും സി.പി.എമ്മും പ്രതിരോധത്തിലായി, പി.എസ്.സി നിയമനം കിട്ടാതെ യുവാവ് ജീവനൊടുക്കി. ഇതിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് അക്രമം അഴിച്ചുവിടുന്നത്.
കൊല്ലത്തെ ഒരു സി.പി.എം എം.എൽ.എയും പി.എയും പറയുന്നത് പോലെയാണ് പൊലീസ് കേസെടുക്കുന്നത്. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ സെക്യൂരിറ്റി കാബിൻ അടിച്ചുതകർത്ത സംഭവത്തിൽ ജാമ്യം കിട്ടാത്ത വകുപ്പിലാണ് കേസെടുക്കേണ്ടത്. പക്ഷേ പേരിനുള്ള അറസ്റ്റിനൊപ്പം പ്രതികളെ വേഗത്തിൽ ജാമ്യം നൽകി വിട്ടയയ്ക്കുകയാണുണ്ടായത്. കോൺഗ്രസ് ഓഫീസുകൾ വ്യാപകമായി നശിപ്പിക്കുകയും കൊടിതോരണങ്ങൾ ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെ ചെറുക്കാനോ ജാമ്യമില്ലാത്ത വകുപ്പിൽ കേസെടുക്കാനോ പൊലീസ് തയ്യാറാകുന്നില്ലെന്നും ബിന്ദുകൃഷ്ണ ആരോപിച്ചു.
കെ.പി.സി.സി വൈസ് പ്രസിഡന്റ് മോഹൻ ശങ്കർ, ജനറൽ സെക്രട്ടറി എ. ഷാനവാസ് ഖാൻ, ഡി.സി.സി വൈസ് പ്രസിഡന്റുമാരായ സൂരജ് രവി, പി. ജർമ്മിയാസ്, ജനറൽ സെക്രട്ടറിമാരായ അൻസർ അസീസ്, ആദിക്കാട് മധു, തൃദീപ് കുമാർ, കൃഷ്ണവേണി ശർമ്മ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഇന്ന് ഉപവാസം
സി.പി.എം ഗുണ്ടായിസവും ആക്രമണങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ചിന്നക്കടയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എട്ട് മണിക്കൂർ ഉപവാസം നടത്തുമെന്ന് ബിന്ദുകൃഷ്ണ അറിയിച്ചു. രാവിലെ 9ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വീഡിയോ കോൺഫറൻസിലൂടെ സമരം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും.