 
ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയന്റ ആഭിമുഖ്യത്തിൽ ശ്രീനാരായ ഗുരുദേവന്റെ 166-ാമത് ജയന്തി ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. രാവിലെ 10ന് യൂണിയൻ കോൺഫറൻസ് ഹാളിൽ നടന്ന പ്രാർത്ഥനായജ്ഞം പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഗുരുദേവ ദർശനവും സന്ദേശവും നിത്യ പ്രസക്തമാണ്. കൊവിഡ് മഹാമാരിയുടെ പിടിയിൽ ലോകജനത അന്ധാളിച്ച് നിൽക്കുമ്പോൾ ശുചിത്വം സംബന്ധിച്ച് ഗുരു നൽകിയ സന്ദേശത്തിന്റെ പ്രാധാന്യം നമ്മൾ ജീവിതത്തിൽ ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ. ഗാന്ധി, പി.ആർ. സജീവ്, ആർ. അനിൽകുമാർ, വി. പ്രശാന്ത്, ബി. സജൻലാൽ, തഴുത്തല എൻ. രാജു തുടങ്ങിയവ സംസാരിച്ചു. യൂണിയൻ അസിസ്റ്റന്റ് സെക്രട്ടറി കെ. നടരാജൻ സ്വാഗതവും വനിതാസംഘം സെക്രട്ടറി ബീനാ പ്രശാന്ത് നന്ദിയും പറഞ്ഞു.
ജനനീ നവരത്ന മഞ്ജരി, കുണ്ഡലിനി പാട്ട്, ഗുരുസ്തവം എന്നീ കൃതികളുടെ ആലാപനം വനിതാസംഘം ഭാരവാഹികളായ ഷൈലജ, സുശീല എന്നിവരുടെ നേതൃത്വത്തിൽ നടന്നു. തൃശൂരിൽ നടന്ന എകാത്മകം നൃത്താവിഷ്കാരത്തിൽ പങ്കടുത്ത കുട്ടികൾക്ക് ഗിന്നസ് ബുക്ക് സർട്ടിഫിക്കറ്റും യോഗത്തിന്റെ സർട്ടിഫിക്കറ്റും നൽകി അവരെ അനുമോദിച്ചു.