അപേക്ഷയ്ക്കൊപ്പം രേഖകളും വേണമെന്ന് ഉദ്യോഗസ്ഥർ
കൊല്ലം: അടുക്കള മാലിന്യസംസ്കരണത്തിനുള്ള കിച്ചൺ ബിൻ വിതരണത്തെ ചൊല്ലി നഗരഭരണക്കാരും ഉദ്യോഗസ്ഥരും തമ്മിൽ ശീതയുദ്ധം. തർക്കം കനത്ത് അപേക്ഷകൾ തട്ടിക്കളിക്കുമ്പോൾ കിച്ചൺ ബിന്നിനായുള്ള ജനങ്ങളുടെ കാത്തിരിപ്പ് മാസങ്ങൾ പിന്നിടുകയാണ്.
കിച്ചൺ ബിൻ കിട്ടാൻ 180 രൂപയും വെള്ളക്കടലാസിൽ അപേക്ഷയും മതിയെന്ന് പറഞ്ഞ് കഴിഞ്ഞ മാർച്ചിലാണ് കൗൺസിലർമാർ കൂട്ടത്തോടെ വീടുകൾ കയറിയിറങ്ങി പതിനായിരത്തോളം അപേക്ഷകൾ വാങ്ങിയത്. പക്ഷേ മാസം അഞ്ച് കഴിഞ്ഞിട്ടും ഇതിൽ ഒരാൾക്ക് പോലും കിച്ചൺ ബിൻ നൽകിയിട്ടില്ല. ഒരു രേഖകളുമില്ലാതെ അപേക്ഷ മാത്രം പരിഗണിച്ച് കിച്ചൺ ബിൻ വിതരണം ചെയ്യാൻ പറ്റില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. അപേക്ഷകളിൽ പലതും വ്യാജമാണെന്ന് സംശയിക്കുന്നതായും 180 രൂപയ്ക്ക് കിച്ചൺ ബിന്നുകൾ വൻതോതിൽ വാങ്ങിയെടുത്ത ശേഷം പുറത്ത് വൻവിലയ്ക്ക് വിൽക്കാൻ സാദ്ധ്യതയുള്ളതായും ഉദ്യോഗസ്ഥർ ആരോപിക്കുന്നു.
വഴങ്ങാതെ ഉദ്യോഗസ്ഥർ
അപേക്ഷയോടൊപ്പം നഗരത്തിലെ സ്ഥിരതാമസക്കാരനാണെന്ന് തെളിയിക്കുന്ന രേഖ കൂടി നൽകണമെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. നഗരത്തിൽ കൊവിഡ് വ്യാപകമായി പടരുന്നതിനാൽ വീടുവീടാന്തരം കയറിയിറങ്ങി രേഖകൾ ശേഖരിക്കാൻ ഇതിനായി ചുമതലപ്പെടുത്തിയ ഹരികർമ്മ സേനാംഗങ്ങൾ ഭയക്കുകയാണ്.
പ്രത്യേകിച്ച് രേഖകളൊന്നും ആവശ്യമില്ലെന്ന് കൗൺസിൽ യോഗത്തിൽ തീരുമാനമെടുത്തെങ്കിലും ഉദ്യോഗസ്ഥർ വഴങ്ങുന്നില്ല. രേഖകളില്ലാതെ അനൂകുല്യം നൽകരുതെന്ന് ഓഡിറ്റ് വകുപ്പിന്റെ കർശന നിർദ്ദേശമുണ്ടെന്നും ഭരണക്കാർ പറയുംപോലെ ചെയ്താൽ പെൻഷൻ കിട്ടില്ലെന്നുമാണ് മിനിട്സ് തിരുത്തൽ വിവാദമടക്കം ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ പറയുന്നത്.
എല്ലാ അപേക്ഷയും ഓഫീസിലെത്തിയില്ല
കഴിഞ്ഞ മാർച്ചിൽ പദ്ധതിയുടെ പതിനായിരത്തോളം അപേക്ഷകളാണ് കൗൺസിലർമാർ ശേഖരിച്ചത്. ഇതിൽ ആറായിരത്തോളം മാത്രമാണ് നഗരസഭാ ഓഫീസിൽ എത്തിയത്. ബാക്കി അപേക്ഷകളും ഗൃണഭോക്തൃ വിഹിതവും എവിടെയോ കുരുങ്ങിയിരിക്കുകയാണ്.
കിച്ചൺ ബിൻ പദ്ധതി ഇങ്ങനെ
01. വീട്ടിൽ അടുക്കള മാലിന്യം സംസ്കരിച്ച് വളമാക്കുന്നതാണ് കിച്ചൺ ബിൻ
02. ബിന്നിന്റെ യഥാർത്ഥ വില 1800 രൂപ. ഉപഭോക്താവിന് ലഭിക്കുക 180 രൂപയ്ക്ക് (90 ശതമാനം സബ്സിഡി).
03. ഓരോ ഡിവിഷനിലും 500 വീതം ആകെ 27,500 ബിന്നുകൾ വിതരണം ചെയ്യുക ലക്ഷ്യം
അപേക്ഷ ക്ഷണിച്ചത് രണ്ടര വർഷം മുമ്പ്
കിച്ചൺ ബിന്നിനായി നഗരസഭ രണ്ടര വർഷം മുമ്പാണ് അപേക്ഷ ക്ഷണിച്ചത്. ഇതുവരെ 1500 ഓളം പേർക്ക് മാത്രമാണ് ബിന്നുകൾ വിതരണം ചെയ്തത്. വിതരണം വൈകുന്നത് ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ കഴിഞ്ഞ ജൂണിലാണ് ഇതിൽ 790 എണ്ണം വിതരണം ചെയ്തത്.