pavumba
ആക്രമണത്തിൽ തകർന്ന പാവുമ്പ കോൺഗ്രസ് ഭവൻ

തഴവ: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തെ തുടർന്ന് തഴവ പാവുമ്പയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസായ കോൺഗ്രസ് ഭവൻ കെട്ടിടത്തിന് നേരെ അക്രമം. പാവുമ്പ ക്ഷേത്രത്തിന് സമീപമുള്ള കോൺഗ്രസ് ഭവന്റെയും താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമോദ്യോഗ് ഭവന്റെയും ജനാല ചില്ലുകളും ഓഫീസ് ഉപകരണങ്ങളും തകർത്തു. ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ബൈക്കുകളിലെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് പൊലീസ് വെളിപ്പെടുത്തി. ബൈക്കുകളിലെത്തിയ സംഘം പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.പടക്കമേറിലും സ്ഫോടനത്തിലും ഭയന്നുപോയ പരിസരവാസികൾ വീടുകളിൽ നിന്നിറങ്ങി ഓടി. കമ്പിയും കുറുവടികളുമായെത്തിയ സംഘം കതകുകൾ ചവിട്ടി തുറന്നശേഷമാണ് അക്രമം നടത്തിയത്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ഖാദിഗ്രാമോദ്യാഗ് ഭവനിലെയും മുകൾ നിലയിലെ കോൺഗ്രസ് ഓഫീസിലെയും ഓഫീസ് ഉപകരണങ്ങളും ജനാലകളും സാധന സാമഗ്രികളും തകർക്കുകയായിരുന്നു. കോൺഗ്രസ് ഓഫീസുണ്ടായിരുന്ന അമ്പതിലധികം കസേരകൾ അടിച്ചുടച്ച സംഘം മേശ തല്ലി തക‌ർത്തശേഷം പിൻവശത്തെ വീടിന്റെ കോമ്പൗണ്ടിലേക്ക് എറിഞ്ഞു. ഓഫീസിലെ ഫയലുകളും നിരവധി രേഖകളും നശിപ്പിച്ചു. ലൈറ്റുകളും ഫാനുകളും അടിച്ചുതകർത്തു. ഖാദി ഗ്രാമോദ്യോഗ് ഭവനിൽ ഓണക്കച്ചവടത്തിനായി സ്റ്റോക്ക് ചെയ്തിരുന്ന ലക്ഷകണക്കിന് രൂപയുടെ ഖദർ മുണ്ടുകൾ, കൈത്തറിഉൽപ്പന്നങ്ങൾ, സോപ്പ്, തേൻ, സ്റ്റേഷനറി സാധനങ്ങൾ തുടങ്ങിയവ അപഹരിച്ചതായി ഖാദി ഗ്രാമോദ്യോഗ്ഭവൻ അധികൃതർ അറിയിച്ചു . റെഡിമെയ്ഡ് ഷർട്ടുകൾ, വിവിധ തരം ഖാദി ഉൽപ്പന്നങ്ങൾ തുടങ്ങിയവ റോഡിലേക്ക് വലിച്ചെറിഞ്ഞു. സംഭവ സമയത്ത് ഓഫീസിൽ ആരുമുണ്ടായിരുന്നില്ല. ഓഫീസിന് മുന്നിലെ കൊടിമരവും നശിപ്പിച്ചിട്ടുണ്ട്. ഓഫീസിന് സമീപം പാലമൂട് ജംഗ്ഷനിലെ കൊടി മരവും നശിപ്പിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് കരുനാഗപ്പള്ളി അസി.കമ്മിഷണർ ഗോപകുമാറിന്റെയും സി.ഐ മഞ്ജുലാലിന്റെയും നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ ഏതാനും പേർ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ഇവരെ പൊലീസ് വിശധമായി ചോദ്യം ചെയ്തുവരികയാണ്. എന്നാൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കരുനാഗപ്പള്ളി സി.ഐ മഞ്ജുലാലിന്റെ നേതൃത്വത്തിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് നേതാക്കളായ സി.ആർ മഹേഷ്, ബിന്ദുകൃഷ്ണ, കെ.സി രാജൻ, തൊടിയൂർ രാമചന്ദ്രൻ, ചിറ്റുമല നാസർ, രമാഗോപാലകൃഷ്ണൻ തുടങ്ങിയവർ സ്ഥലത്തെത്തി. സംഭവത്തിൽ പ്രതിഷേധിച്ച് പാവുമ്പയിൽ കോൺഗ്രസ് ഹർത്താൽ ആചരിച്ചു. പാലമൂട്ടിൽ ചേ‌ർന്ന പ്രതിഷേധയോഗം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു.

കെ.സി.രാജൻ, സി.ആർ മഹേഷ്, തൊടിയൂർ രാമചന്ദ്രൻ, നജീം മണ്ണേൽ , കെ.ജി.രവി, രമാഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. എൻ. അജയകുമാർ അദ്ധ്യക്ഷനായിരുന്നു. ബി. അനിൽകുമാർ സ്വാഗതവും
സുകുമാരപിള്ള നന്ദിയും രേഖപ്പെടുത്തി. പ്രകടനത്തിനും പ്രതിഷേധ സമ്മേളനത്തിനും
പാവുമ്പാസുനിൽ ചെറുകരസലീം സുനിൽ നമ്പ്യാർ, രാജേന്ദ്രൻ പാവുമ്പാ, ഹനാൻ, ഡി.വി. സന്തോഷ്, മേലൂട്ട് പ്രസന്നകുമാർ, തുളസീധരൻ, മായാസുരേഷ് എന്നിവർ നേതൃത്വം നൽകി