arunkumar-a-r

കൊല്ലം: ജില്ലയിലെ ഹൈസ്കൂൾ തലം വരെയുള്ള അദ്ധ്യാപകർക്ക് പെരുംകുളം ബാപ്പുജി സ്മാരക വായനശാല നൽകിവരുന്ന ഗുരുനന്മ പുരസ്കാരത്തിന് പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അദ്ധ്യാപകൻ എ.ആർ. അരുൺ കുമാർ അർഹനായി.

ഇംഗ്ളീഷ് വ്യാകരണം ഇന്ററാക്ടീവ് ഗെയിമുകളിലൂടെ കുട്ടികളിലേക്ക് അനായാസം എത്തിക്കുന്നതിന് ഡംബോ, ക്യാറ്റോ കാർട്ടൂൺ കഥാപാത്രങ്ങളെ അരുൺ കുമാർ സൃഷ്ടിച്ചിട്ടുണ്ട്. ന്യൂസ് 19 ജി.എച്ച്.എസ്.എസ് പുത്തൂർ എന്ന വാർത്താധിഷ്ഠിത ചാനൽ സംസ്ഥാന തലത്തിൽ മികച്ച പഠനപ്രവർത്തനമായി തിരഞ്ഞെടുത്തിരുന്നു. കൂടാതെ ഇംഗ്ലീഷ് മാസ്ട്രോ ആപ്ലിക്കേഷനും പഠനത്തിനായി കുട്ടികൾ ഉപയോഗിക്കുന്നു. വ്യത്യസ്തങ്ങളായ പഠനപ്രവർത്തനങ്ങളും സാമൂഹിക ഇടപെടലുമാണ് അവാർഡിന് അർഹനാക്കിയത്. കുട്ടികളാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

2007ലാണ് അദ്ധ്യാപകവൃത്തിൽ പ്രവേശിച്ചത്. പാഠപുസ്തക കമ്മിറ്റിയംഗം, സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ തുടങ്ങിയ മേഖലകളിലും പ്രവർത്തിക്കുന്നു. പുത്തൂർ പൊരീയ്ക്കൽ അതുല്യയിൽ പരേതനായ അപ്പുക്കുട്ടൻ പിള്ളയുടെയും റിട്ട. അദ്ധ്യാപിക രമാദേവിയുടെയും മകനാണ്. ഭാര്യ: വർഷ ഇളമ്പള്ളൂർ സ്കൂൾ അദ്ധ്യാപികയാണ്. മക്കളായ ദേവർഷും ധരുണും ഇടവട്ടം എൽ.പി സ്കൂളിൽ പഠിക്കുന്നു.

അദ്ധ്യാപകദിനമായ സെപ്തംബർ 5ന് രാവിലെ 10ന് പെരുംകുളം ഗവ. പി.വി എച്ച്.എസ്.എസിൽ നടക്കുന്ന ചടങ്ങിൽ അരുൺകുമാറിന് പുരസ്കാരം സമ്മാനിക്കും.