control-room-
കൺട്രോൾ റൂം

 ഔദ്യോഗിക ഉദ്ഘാടനം വൈകാതെ

കൊല്ലം: കൊല്ലം റൂറൽ പൊലീസിന്റെ പുതിയ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. കൊട്ടാരക്കര ട്രാഫിക് പൊലീസ് സ്റ്റേഷന്റെ ഒന്നാം നിലയിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. മുൻപ് പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിടത്തിലെ പരിമിത സൗകര്യങ്ങളിലായിരുന്നു കൺട്രോൾ റൂം പ്രവർത്തിപ്പിച്ചിരുന്നത്. ഔദ്യോഗിക ഉദ്ഘാടനം വൈകാതെ ഉണ്ടാകും. ട്രാഫിക് പൊലീസ് സ്റ്റേഷന്റെ നവീകരണം, രണ്ടാം നിലയിലെ കോൺഫറൻസ് ഹാൾ, പൊലീസ് ഉദ്യോഗസ്ഥർക്ക് വിശ്രമിക്കാനുള്ള ബാരക്ക് എന്നിവയുടെ നിർമ്മാണവും അവസാന ഘട്ടത്തിലാണ്. മോണിറ്ററിംഗ് റൂം, എമർജൻസി റെസ്പോൺസ് റൂം, ടെലി കമ്മ്യൂണിക്കേഷൻസ് റൂം , ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി റൂം, ഓഫീസർ ഇൻ ചാർജ് റൂം, പിഴ അടയ്ക്കാൻ എത്തുന്നവർക്ക് സമീപിക്കാവുന്ന റിസപ്ഷൻ, പൊതുജനങ്ങൾക്ക് ഇരിക്കാനുള്ള ലോബി എന്നീ സൗകര്യങ്ങളാണ് കൺട്രോൾ റൂമിലുള്ളത്

മോണിറ്ററിംഗ് റൂം

കാമറാ മോണിറ്രറിംഗ് സംവിധാനമാണ് ഇവിടെയുള്ളത്. കൊട്ടാരക്കര നഗരത്തിലെ സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങൾ ഇവിടെ എത്തും. റൂറൽ പൊലീസ് ജില്ലയിലെ അതിർത്തികളിലെല്ലാം പൊലീസ് കാമറകളുണ്ട്. ജില്ലയിലേക്ക് പ്രവേശിക്കുന്നതും പുറത്ത് പോകുന്നതുമായ എല്ലാ വാഹനങ്ങളുടെയും നമ്പർ പ്ലേറ്റുകൾ കാമറകളിൽ പതിയും. അതിർത്തിയിലെ കാമറ ദൃശ്യങ്ങൾക്ക് പുറമെ ജില്ലയിലെ 18 പൊലീസ് സ്റ്റേഷനുകളിലെയും ലോക്ക് അപ്പ്, റിസപ്ഷൻ എന്നിവിടങ്ങളിലെ കാമറാ ദൃശ്യങ്ങളും മോണിറ്ററിംഗ് റൂമിലെത്തും . നാല് വാർത്താ ചാനലുകൾ ഒരേ സമയം പ്രവർത്തിപ്പിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്.

എമർജൻസി റെസ്‌പോൺസ് റൂം

അടിയന്തിര ഘട്ടത്തിൽ 100 ലേക്ക് വിളിച്ചാൽ ഫോണെടുക്കുക ഇവിടെയാണ്. ജില്ലാ പൊലീസിന്റെ എല്ലാ വാഹനങ്ങളിലും ജി.പി.എസ് ഘടിപ്പിച്ചിട്ടുള്ളതിനാൽ വാഹനങ്ങൾ എവിടെയുണ്ടെന്ന് ഇവിടെയിരുന്ന് അറിയാം. സഹായം അഭ്യർത്ഥിച്ച് വിളി എത്തുന്ന പ്രദേശത്തിനടുത്ത് ഏത് വാഹനമാണെന്ന് ഉടനടി കണ്ടെത്തി നിർദേശം കൈമാറും.

ടെലി കമമ്മ്യൂണിക്കേഷൻ റൂം

വയർലസ് കമ്മ്യൂണിക്കേഷൻ സംവിധാനം പൂർണമായും ഇവിടെയാണ്. ടെലി കമ്മ്യൂണിക്കേഷൻ വർക്ക് ഷോപ്പും ഇതിനൊപ്പമുണ്ട്. കൺട്രോൾ റൂമിലെ അടിയന്തിര അറ്റ കുറ്റപണികൾ പൂർത്തികരിക്കാൻ വർക്ക് ഷോപ്പിനാകും .

പുതിയ കൺട്രോൾ റൂം പ്രവർത്തന സജ്ജമാണ്. വൈകാതെ ഔദ്യോഗിക ഉദ്ഘാടനം നടത്തും

എസ്.ഹരിശങ്കർ, കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി.