കൊട്ടിയം: ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് കൊവിഡ് കാലത്ത് വേറിട്ട പ്രവർത്തനങ്ങളുമായി ആർട്ടിസ്റ്റ് വിജയൻ മാതൃകയായി. ഇരുചക്ര വാഹനത്തിൽ ഗുരുദേവ ദർശനങ്ങളുടെ പ്രചാരണത്തോടൊപ്പം കൊവിഡ് ബോധവത്കരണവുമായി സഞ്ചരിച്ചാണ് മുള്ളുവിള കാഞ്ഞിരംവിള വീട്ടിൽ ഹരിശ്രീ വിജയനെന്ന തെരുവ് ചിത്രകാരൻ ശ്രദ്ധാകേന്ദ്രമായത്.
ഇന്നലെ രാവിലെയോടെ വലിയ കൂനമ്പായിക്കുളത്തെ ഗുരുദേവ പ്രതിമയുടെ മുന്നിൽ നിന്നായിരുന്നു യാത്ര ആരംഭിച്ചത്. വിവിധ സ്ഥലങ്ങളിലെത്തി കൊവിഡ് ബോധവത്കരണവും ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളുടെ പ്രചാരണവും നടത്തി. വർക്കലയിലെത്തിയ ശേഷം തിരികെ പാലത്തറയിലെത്തി യാത്ര സമാപിച്ചു.
കൊവിഡ് പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ ഒഴിവാക്കിയതിനാലാണ് ഇങ്ങനെയൊരു ആശയം വിജയന്റെ മനസിലുദിച്ചത്.എസ്.എൻ.ഡി.പി യോഗത്തിന്റെ നേത്യത്വത്തിൽ നടത്തിയ ശ്രീലങ്കൻ സന്ദർശന യാത്രയിൽ പങ്കാളിയാകാനും ഇദ്ദേഹത്തിന് അവസരം ലഭിച്ചിട്ടുണ്ട്.