കരുനാഗപ്പള്ളി: ഭക്തിനിർഭരമായ ചടങ്ങുകളോടെ ശ്രീനാരായണ ഗുരുദേവന്റെ 166-ം ജയന്തി നാടെങ്ങും ആഘോഷിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് കൊണ്ടായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ ഓഫീസിൽ വെച്ച് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. യൂണിയൻ ഓഫീസിന് മുന്നിലുള്ള ഗുരുദേവ പ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി ഭദ്രദീപം തെളിച്ചു. തുടർന്ന് ഗുരുദേവ ഭാഗവത പാരായണവും അന്നദാനവും നടത്തി. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ, വൈസ് പ്രസിഡന്റ് എസ്.ശോഭനൻ, സെക്രട്ടറി എ. സോമരാജൻ, യൂണിയൻ കൗൺസിലറുമാരായ എൻ.മധു, ശ്രീകുമാർ, വനിതാ സംഘം സെക്രട്ടറി മധുകുമാരി, യൂത്ത് മൂവ്മെന്റ് ജില്ലാ കൺവീനർ ശർമ്മാ സോമരാജൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ടി.ഡി ശരത്ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. ഓച്ചിറ ശ്രീനാരായണ മഠത്തിൽ പുലർച്ചെ ഗണപതി ഹോമത്തോടെയാണ് ആഘോഷ പരിപാടികൾ ആരംഭിച്ചത്. ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി,ഗുരുദേവ ഭാഗവത പാരായണം, അന്നദാനം മൗനപ്രാർത്ഥന എന്നിവയും സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ, വൈസ് പ്രസിഡന്റ് എസ്.ശോഭനൻ, സെക്രട്ടറി എ.സോമരാജൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കരുനാഗപ്പള്ളി യൂണിയന്റെ പരിധിയിൽ വരുന്ന 68 ശാഖകളിലും , ഗുരുമന്ദിരങ്ങളിലും ഗുരുക്ഷേത്രങ്ങളിലും ജയന്തി ആഘോഷിച്ചു. ശ്രീനാരായണ ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജയന്തി ആഘോഷ പരിപാടികൾ ആർ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബോട്ട് ക്ലബ് ആസ്ഥനത്ത് ഗുരുദേവ ചിത്രത്തിന് മുന്നിൽ ഭദ്രദീപം തെളിച്ചു. തുടർന്ന് പതാക ഉയത്തി. സി.ആർ.മഹേഷ്, ഡിവിഷൻ കൗൺസിലർ ശാലിനി രാജീവൻ, എസ്.പ്രവീൺകുമാർ, മുരളീധരൻ ചൈതന്യ, രാജു കൊച്ചു തോണ്ടലിൽ, വി.ആർ.പ്രമോദ്. ആർ.രവി, കുളച്ചവരമ്പോൽ ഷാജഹാൻ, കൃഷ്ണൻ, രവി, സുരേഷ് കൊട്ടുകാട്, സന്തോഷ് ,കരിമ്പാലിൽ സദാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.