കൂടുതൽ നടപടികൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം
കൊല്ലം: ബൈക്കിന്റെ അമിത വേഗതയും ശബ്ദവും ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിൽ മുണ്ടയ്ക്കൽ പാപനാശനം തിരുവാതിര നഗർ 64ൽ ശിവപ്രസാദിനെ (61) മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി തിരുവാതിര നഗർ പുതുവൽ പുരയിടത്തിൽ നിക്സണെ (21) പൊലീസ് കസ്റ്റഡിയിൽ വാങ്ങില്ല.
തിരുവോണ ദിവസം വൈകിട്ട് 6.45ഓടെയായിരുന്നു സംഭവം. വീടിന് മുന്നിലൂടെ ബൈക്ക് ഇരപ്പിച്ച് അമിതവേഗതയിൽ പോയ നിക്സണെ ശിവപ്രസാദ് ചോദ്യം ചെയ്തു. ഇത് ഇഷ്ടപ്പെടാതിരുന്ന നിക്‌സൺ തുടർന്നും മൂന്നുതവണ അമിത വേഗതയിലും ശബ്ദത്തിലും ഇതുവഴി ബൈക്ക് ഓടിച്ചു. പിന്നീട് ബൈക്കുമായി ശിവപ്രസാദിന്റെ വീടിന് മുന്നിലെത്തിയ ശേഷം അദ്ദേഹത്തെ കടന്നുപിടിച്ച് ഭിത്തിയോട് ചേർത്ത് നിറുത്തി നെഞ്ചിലും മുഖത്തും മർദ്ദിച്ച് കൊലപ്പെടുത്തിയതായാണ് പൊലീസ് കേസ്.
പെട്ടന്നുള്ള പ്രകോപനത്തിൽ കൈകൾ ഉപയോഗിച്ച് മർദ്ദിച്ചതിനെ തുടർന്ന് സംഭവിച്ച മരണമായതിനാൽ പൊലീസിന് കൂടുതൽ തെളിവുകൾ ശേഖരിക്കാനില്ല. അതിനാലാണ് ഇനി കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പും ചോദ്യം ചെയ്യലും ആവശ്യമില്ലെന്ന് കൊല്ലം ഈസ്റ്റ് പൊലീസ് തീരുമാനിച്ചത്.
നിക്സൺ ഉപയോഗിച്ചിരുന്ന ബൈക്ക് പൊലീസ് കസ്റ്റഡിയിലാണ്. ശിവപ്രസാദിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ തുടർനടപടികളിലേക്ക് കടക്കൂ. നിലവിൽ കൊലപാതക കുറ്റം തന്നെയാണ് നിക്സണനെതിരെ ചുമത്തിയിരിക്കുന്നത്.