hand-cuff

 ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്

 രക്ഷപ്പെട്ട മറ്റ് രണ്ടുപേർക്കായി ലുക്ക്ഔട്ട് നോട്ടീസ്

പാരിപ്പള്ളി: പൊലീസിനെ ആക്രമിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ട പോക്‌സോ കേസിലെ പ്രതികളിൽ ഒരാളെ പിടികൂടി. പുലിക്കുഴി ചരുവിള പുത്തൻവീട്ടിൽ കുട്ടൻ എന്ന ജിത്തുവാണ് (20) പിടിയിലായത്. പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്ന കല്ലമ്പലം നെല്ലിക്കുന്ന് പാറമലയിൽ വച്ച് ഇന്നലെ രാത്രിയാണ് ഇയാളെ ബലപ്രയോഗത്തിലൂടെ പൊലീസ് കീഴടക്കിയത്. കൂട്ടുപ്രതികളായ ചരുവിള പുത്തൻവീട്ടിൽ മനു എസ്. കണ്ണൻ (28), ചിന്നുക്കുട്ടൻ എന്ന സംഗീത് (20) എന്നിവർ ഓടിരക്ഷപ്പെട്ടു.

ഉത്രാട ദിവസം രാത്രി 11ഓടെ പരവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പെരുമ്പുഴ യക്ഷിക്കാവ് കോളനിയിൽ നിന്ന് മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുക്കുമ്പോഴാണ് പൊലീസിനെ ആക്രമിച്ച് ഇവർ കടന്നത്. പതിനാല് വയസുള്ള കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയ കേസിൽ പ്രതികളായ മൂവരും ഇവിടെ ഒളിവിൽ കഴിയുന്നുണ്ടെന്ന് അറിഞ്ഞാണ് പാരിപ്പള്ളി എസ്.ഐ നൗഫലും സംഘവുമെത്തിയത്. ജിത്തുവിനെ വിലങ്ങുവയ്ക്കാൻ ശ്രമിക്കുന്നതിനിടെ തള്ളിമാറ്റി ഓടി. പിടികൂടും എന്ന ഘട്ടമെത്തിയപ്പോൾ പിന്നാലെ ഓടിയ പൊലീസ് ഉദ്യോഗസ്ഥൻ അനൂപിനെ ഇയാൾ വഴിയിലെ കുഴിയിലേക്ക് തള്ളിയിട്ടു. ബഹളം കേട്ട് നാട്ടുകാർ കൂടിയ തക്കം മുതലെടുത്ത് ചിന്നുക്കുട്ടനും മനുവും കൈവിലങ്ങുമായി ഇരുട്ടിലേക്ക് മറയുകയായിരുന്നു.

കുഴിയിലേക്കുള്ള വീഴ്ചയിൽ അനൂപിന്റെ നട്ടെല്ലിന് സാരമായി പരിക്കേറ്റതിനൊപ്പം കൈകളും ഒടിഞ്ഞു. പരിക്ക് ഗുരുതര സ്വഭാവമുള്ളതായതിനാൽ അനൂപിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.


 സ്ഥിരം ക്രിമിനലുകൾ

പതിനാല് വയസുള്ള കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാക്കളായ പ്രതികൾ സ്ഥിരം ക്രിമിനൽ സ്വഭാവം പ്രകടിപ്പിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. ഒരാഴ്ച മുമ്പ് നടന്ന വീടാക്രമണം ഉൾപ്പെടെ പത്തിലേറെ കേസുകളിൽ ഇവർ പ്രതികളാണ്. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കസ്റ്റഡിയിൽ നിന്ന് വിലങ്ങുമായി രക്ഷപ്പെട്ടതിനും പ്രതികൾക്കെതിരെ പരവൂർ പൊലീസ് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. രക്ഷപ്പെട്ട പ്രതികളെ കണ്ടെത്താൻ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി പൊലീസ് അറിയിച്ചു.