വടക്കൻ ഡക്കോട്ടയിലെ ഒരു കർഷകനായ ജോൺകാർ ഇപ്പോൾ നാട്ടുകാർക്കിടയിൽ താരമാണ്. കാരണം മറ്റൊന്നുമല്ല, ഒരു ദിവസം ഫാമിലെ കളപ്പുരയിൽ ഇരുന്നു മദ്യപിച്ച് അത്യാവശ്യം ഫിറ്റായപ്പോൾ ജോണിന് ഒരാഗ്രഹം തോന്നി. വണ്ടിയെടുത്ത് ഒന്ന് കറങ്ങിയിട്ട് വരാം എന്ന്. ആ സമയത്ത് കളപ്പുരയിൽ ആകെയുണ്ടായിരുന്നത് ജോൺ ഡീർ കമ്പനിയുടെ ഏഴു ടൺ ഭാരമുള്ള ഒരു ടോട്ടൽ ഹാർവെസ്റ്റർ യന്ത്രം മാത്രമായിരുന്നു.
ഹാർവെസ്റ്റർ എങ്കിൽ ഹാർവെസ്റ്റർ, അതിൽ കയറി ജോൺ തന്റെ കറക്കം തുടങ്ങി. നോർത്ത് ഡക്കോട്ടയിലെ റോഡുകൾക്ക് വളവോ തിരിവോ ഒന്നുമില്ല. റോഡിന്റെ ഇരുവശങ്ങളിലുമായി പച്ചപ്പ് നിറഞ്ഞ കൃഷിയിടങ്ങളാണ്. ആ റോഡിലൂടെ തന്റെ ഹാർവെസ്റ്ററിൽ അടിച്ചുഫിറ്റായി പോകുന്നതിനിടെ എപ്പോഴോ ജോണിന്റെ കൺപോളകളെ ഉറക്കം കീഴടക്കി. എന്നാൽ കണ്ണുതുറന്നപ്പോൾ പ്രദേശത്തെ പൊലീസ് സ്റ്റേഷൻ ലോക്കപ്പിൽ ആണ് കക്ഷി. പൊലീസുകാരോട് കാര്യം തിരക്കിയപ്പോൾ അവർ ഹാർവെസ്റ്ററിന്റെ ഇപ്പോഴത്തെ അവസ്ഥ വെളിവാക്കുന്ന ഫോട്ടോ കാണിച്ചുകൊടുത്തു. ആരോ എടുത്ത് തലകീഴായി വച്ച പോലെ ആ ഭീമൻ യന്ത്രം തകിടം മറിഞ്ഞ് റോഡരികിൽ തന്നെ വിശ്രമിക്കുന്നു. മുകളിലെ കാബിൻ വണ്ടിയുടെ ഭാരം താങ്ങാനാവാതെ തകർന്നിട്ടുണ്ട്.
ദേഹമാകെ വേദനിക്കുന്നുണ്ടായിരുന്നു ജോണിന് എങ്കിലും കാര്യമായ പരിക്കൊന്നും ഇല്ലായിരുന്നു. എന്നാൽ, നിയമത്തിന്റെ കുരുക്കുകൾ ഏറെയുണ്ടായിരുന്നു അയാളെയും കാത്ത്. ആ വിളവെടുപ്പ് യന്ത്രത്തിന്റെ ലൈസൻസ് അവസാനിച്ചിട്ടും പുതുക്കിയിരുന്നില്ല ജോൺ. അതിനും പുറമെയാണ് മദ്യപിച്ച് അതോടിച്ചുണ്ടാക്കിയ അപകടം. ലൈസൻസില്ലാത്ത വിളവെടുപ്പ് യന്ത്രം, മദ്യലഹരിയിൽ അപകടകരമായ വേഗതയിൽ ഓടിച്ച് അപകടമുണ്ടാക്കി എന്ന കേസ് ജോണിന് മേൽ ചുമത്തി അയാളെ ലോക്കപ്പിൽ അടച്ചപ്പോഴും പൊലീസുകാർക്ക് അത്ഭുതമടക്കാനായില്ല. ഇതൊക്കെ എങ്ങനെ സാധിക്കുന്നെന്നാണ് അവരുടെ ചോദ്യം